വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരണപ്പെട്ട ചെറുപ്പക്കാരുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സി പി എം നേതൃത്വത്തെ സി പി എമ്മിന്റെ മുൻ ചെയ്തികൾ നിരത്തി പൊളിച്ചടുക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് .
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ആദരാഞ്ജലികൾ. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും അതല്ല ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നുമൊക്കെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞു. സംഭവത്തിലെ പ്രതികൾ, അവരാരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അർഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നതായി ഫിറോസ് പറയുന്നു .
ഈ കൊലപാതകം ഉയർത്തിക്കാട്ടി സി.പി.എമ്മും കോൺഗ്രസും ഒരു പോലെയാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാനാവില്ല. എന്ത് കൊണ്ട്?
രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തള്ളുകയും കൊല്ലപ്പെട്ടതിനു ശേഷവും കുലം കുത്തി എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേര്…
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സൈബർ ഗുണ്ടകളെ വിട്ട് അപമാനിക്കുന്ന പാർട്ടിയുടെ പേര്…
പ്രതികൾ പിടിക്കപ്പെട്ട് ജയിലിലെത്തിയാൽ അവിടെ വെച്ച് മൂട്ട കടിച്ചാൽ ഓടിയെത്തുന്ന സംസ്ഥാന സെക്രട്ടറിയുള്ള പാർട്ടിയുടെ പേര്…
പ്രതികൾക്ക് നിയമ സഹായം നൽകാൻ കൂപ്പൺ അടിച്ച് പിരിവ് നടത്തുന്ന പാർട്ടിയുടെ പേര്…
പ്രതികൾക്കെതിരെയുള്ള CBl അന്വേഷണം ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്ന പാർട്ടിയുടെ പേര്…
ഭരണത്തിന്റെ തണലിൽ പ്രതികൾക്ക് നിയമ വിരുദ്ധമായി പരോൾ നൽകുന്ന പാർട്ടിയുടെ പേര്…
പരോളിലിറങ്ങുന്നവർക്ക് പാർട്ടി ഗ്രാമത്തിൽ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകുന്ന പാർട്ടിയുടെ പേര്…
ശിക്ഷിക്കപ്പെട്ടവരുടെ കല്യാണം നടത്തികൊടുക്കുകയും എം.എൽ.എ അതിനു കാർമ്മികത്വം വഹിക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേര്…
കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവർക്ക് പാർട്ടിയിൽ പ്രമോഷൻ നൽകുന്ന പാർട്ടിയുടെ പേര്…
ജയിൽ ശിക്ഷക്കിടെ മരണപ്പെട്ടാൽ മുഖ്യമന്ത്രി പദവിയിലുള്ളവരടക്കം അയാളെ മഹത്വ വൽക്കരിക്കാൻ മടി കാണിക്കാത്ത പാർട്ടിയുടെ പേര്…
ജയിൽ ശിക്ഷക്കിടെ(ഓർക്കുക സ്വാതന്ത്ര്യ സമരത്തിനല്ല കൊലക്കുറ്റത്തിനാണ്) മരണപ്പെട്ടാൽ അദ്ധേഹത്തിന്റെ പേരിൽ സ്മാരകം പണിയുന്ന പാർട്ടിയുടെ പേര്…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം)എന്നാണ്. ആ പാർട്ടിക്ക് ആര് വിശുദ്ധ പദവി നൽകിയാലും അംഗീകരിക്കാൻ മനസ്സില്ല.