ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ് എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.ആയുധശേഖരത്തില്‍ സി.പി.എം പോലീസിനേക്കാള്‍ മുന്നിലാണ് എന്നും മുല്ലപ്പള്ളി ആരോപിച്ചു.

കതിരൂര്‍ പൊന്ന്യത്ത് ബേംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎംകാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ആയുധ നിര്‍മ്മാണം സിപിഎം ഇനിയും നിര്‍ത്തിയില്ലെന്നതിന് തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വെഞ്ഞുറാമൂട് നടന്ന കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. സത്യസന്ധമായ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യമല്ല. കേരള പോലീസ് അന്വേഷണം നടത്തിയാല്‍ നീതിയുണ്ടാകില്ല. ഇതിനാലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതക കേസ് അന്വേഷിച്ചാല്‍ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരും. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയാണ്.
അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സി.പി.എം തയ്യാറാകണം. അമ്പത് വര്‍ഷം മുന്‍പ് നടന്ന ആദ്യ രാഷ്ട്രീയ കൊലപതാകമായ വാടിക്കല്‍ രാമകൃഷ്ണന്റെ അറുംകൊല കണ്ടനടാണ് തലശേരി.ചരിത്രം ഉറങ്ങുന്ന തശേരിയുടെ പൈതൃകത്തിന് കളങ്കം ചാര്‍ത്തുന്ന ചെയ്തികള്‍ ഇപ്പോഴും സി.പി.എം തുടരുകയാണ്. തലശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സി.പി.എം മാറ്റി. അരനൂറ്റാണ്ടായി ഇവിടെ സി.പി.എം കാട്ടുനീതി നടപ്പാക്കുകയാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണം. അല്ലെങ്കില്‍ ഇനിയും പല കുടുംബങ്ങളിലെയും അമ്മമാരുടേയും സഹോദരിമാരുടേയും തേങ്ങലും നിലവിളികളും ഉയരും.

അഴിമതിയുടേയും സ്വര്‍ണ്ണക്കടത്തിന്റേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം എകെജി സെന്ററിനെ ചുറ്റിപ്പറ്റിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കലാലയങ്ങള്‍ മാറി. സി.പി.എം നിയന്ത്രണത്തിലുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍ കൗമാരകുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമായി.

സംസ്ഥാനത്ത് സ്ത്രീസുരക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. കോവിഡ് രോഗികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ ക്രിമിനലുകളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാരിനെതിരായ അഴിമതി ആരോപണം, സ്വര്‍ണക്കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കു മരുന്ന് ഇടപാട് തുടങ്ങിയവയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമം അഴിച്ച് വിടുന്നത്. വരുന്ന ലോക്കല്‍ബോഡി തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സി.പി.എം പങ്കാളിയാകുന്നത്. കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.