ചെങ്ങന്നൂർ:ആകാശത്ത് കാർമേഘം ഉരുണ്ടു കൂടുന്നത് ജനാലയിൽ കൂടി കാണുമ്പോൾ ലിബിന് ഇനി ഭയമില്ല.കിടപ്പ് രോഗിയായ ലിബിമോൻ്റെ വീടിൻ്റെ നിർമ്മാണ പ്രവൃത്തിക്ക് മാതാപിതാക്കൾ ചേർന്ന് ആദ്യ ശില ഇട്ടു.തിരുവോണ നാളിൽ ലിബിന് ഓണസമ്മാനമായി പ്രളയത്തെ അതിജീവിക്കുവാൻ കഴിയുന്ന നിലയിൽ ഉള്ള സൗകര്യം ഒരുക്കി കൊടുക്കുന്നത് സംബന്ധിച്ച് വാഗ്ദാനവുമായി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സൗഹൃദ വേദി എത്തിയിരുന്നു.ജൻമനാ കിടപ്പ് രോഗിയാണ് ആല ചിറമേൽ ബാബുവിൻ്റെ മകൻ ലിബിൻ(30).

2018 ലെ മഹാപ്രളയത്തിൽ ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലാ പഞ്ചായത്തിലെ ഒന്നാം വാർഡ്.ഏറെ താഴ്ന്ന പ്രദേശമായ ചാലുംപാടം പാടശേഖരത്തിന്റെ മധ്യത്തിൽ താമസിക്കുന്ന ലിബിനെ തേടിയാണ് ജനകീയ സമിതി,സൗഹൃദ വേദി പ്രവർത്തകർ കഴിഞ്ഞ മാസം എത്തിയത്.ഒരു മഴ പെയ്താൽ പെട്ടന്ന് ഈ വീട്ടിൽ വെള്ളം കയറും. വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല.2017ൽ പഞ്ചായത്ത് ആസ്തി ഫണ്ടിൽ നിന്നും ലിബിൻ്റെ വീട്ടിലേക്കുള്ള നടപ്പാത കയർ ഭൂവസ്ത്ര ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയത് കൊണ്ട് കടുത്ത പ്രളയത്തിൽ നടപ്പാത ഒലിച്ചു പോയില്ല. ഇവർക്ക് പ്രളയത്തെ അതിജീവിക്കത്തക്ക വീടും ഇല്ല.പ്രളയത്തിൽ വലിയ ചെമ്പ് പാത്രത്തിൽ കയറ്റിയാണ് ലിബിനെ രക്ഷാപ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്.ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ തുച്ഛമായ വരുമാനം കൊണ്ട് 2 മുറിയുള്ള ഒരു വീടിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പാതി വഴിയില്ലാണ്. ഉൾ ഭിത്തികൾ പ്ലാസ്റ്ററിങ്ങ് നടത്തുതുകയോ ശുചി മുറികളോ പൂർത്തിയാക്കിയിട്ടില്ല. കോറോണ പ്രതിസന്ധി മൂലം പ്രവാസിയായിരുന്ന ലിബിൻ്റെ സഹോദരൻ എബി ഇപ്പോൾ തൊഴിൽ രഹിതനാണ്.

കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെ ലിബിന് പ്രളയത്തെ അതിജീവിക്കാൻ നിലവിലുള്ള വീടിനോട് ചേർന്ന് ശുചി മുറിയോട് കൂടിയുള്ള ഒരു മുറി നിർമ്മിക്കുകയാണ് ജനകീയ സമിതിയുടെയും സൗഹൃദവേദിയുടെയും ലക്ഷ്യമെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ്, സൗഹൃദ വേദി സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ , നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ഗ്രാമപഞ്ചായത്തംഗം രമാ രാമചന്ദ്രൻ, ആല രാജൻ,സനിൽ രാഘവൻ എന്നിവർ പറഞ്ഞു.

ലിബിനെ സംബന്ധിച്ച് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 5 ലക്ഷം രൂപ ലിബിൻ്റെ വീട്ടിലേക്കുള്ള റോഡിൻ്റെ നിർമ്മാണത്തിനായി ചെങ്ങന്നൂർ എം.എൽ എ സജി ചെറിയാൻ അനുവദിച്ചിട്ടുണ്ട്.ഹിന്ദു ഐക്യവേദി സെക്രട്ടറി ഇ.എസ് ബിജുവും സംരഭത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോടുകുളഞ്ഞി അമൃത ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല.