തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി ബി.ജെ.പിയുടെ പ്രചരണ പരിപാടികളും ഇന്ന് നടക്കും.
സാമ്പത്തിക രംഗത്ത് മിന്നലാക്രമണമായി മാറിയ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് കരിദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും. ദില്ലിയില്‍ പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കും.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മരണമടഞ്ഞ നിരപരാധികളുടെ സ്മരണാര്‍ത്ഥം അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച സമയമായ രാത്രി 8 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് മൗനജാഥ നടത്തും.