പാർട്ടിയിലോ സർക്കാരിന്റെ നേതാക്കളുടെ മക്കൾ ഇടപെടുന്നുണ്ടെങ്കിൽ അത് പരിശോധിക്കും .പാർട്ടി നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ ചുമക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ പാർട്ടിക്കില്ല എന്ന് സി പി എം നേതാവ് പി ജയരാജൻ .
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി മയക്കുമരുന്ന് കടത്തു കേസും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണം സജീവമായി നിലനിൽക്കുന്ന സമയത്തു തന്നെ ഇപ്രകാരമുള്ള പി ജയരാജന്റെ ഒളിയമ്പ് ചെന്ന് തറയ്ക്കുന്നത് കൃത്യമായ ഇടങ്ങളിലാണ് .
നേരത്തെ എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനി ഉടമയായ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ സ്പ്രിംഗ്ളർ ,പ്രൈസ് വാട്ടർ കൂപ്പേർസ് സംബന്ധിച്ച വിവാദങ്ങളിൽ ഉൾപ്പെട്ടതും ജനം മറക്കാൻ സമയമായിട്ടില്ല എന്നതിനാൽ പി ജയരാജന്റെ കൂരമ്പു ചെന്നുതറയ്ക്കുന്നതു മുഖ്യമന്ത്രിയുടെയും നേർക്കാണ് .മന്ത്രി ഇ പി ജയരാജന്റെ മകനും സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമൊത്തുള്ള ഒരു വീഡിയോ ക്ലിപ്പിൽ നിന്നും പുറത്തു വന്ന ഒരു ചിത്രവും സമാനമായ സ്വഭാവം പുലർത്തുന്നു .
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വടകര മത്സരിക്കാനിറങ്ങിയപ്പോൾ തൽസ്ഥാനത്തു നിന്നും നീക്കിയിരുന്നു .തുടർന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ മുരളീധരനോട് ജയരാജൻ പരാജയപ്പെട്ടെങ്കിലും തിരിച്ചു ജില്ലാ സെക്രട്ടറി സ്ഥാനം പാർട്ടി നൽകിയില്ല .മുഖ്യമന്ത്രി പിണറായി വിജയൻറെ അതൃപ്തിയാണ് പി ജയരാജനെ ഒഴിവാക്കാനുള്ള കാരണം എന്നാണു പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയുന്നത് .