വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്കെതിരെ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയ ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരണമെന്നും ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. പ്യോംഗ്യാംഗിനെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സീയൂളില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്ജേയ് ഇന്നിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉത്തരകൊറിയയെ ചര്‍ച്ചകള്‍ക്കായി ട്രംപ് ക്ഷണിച്ചത്. ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയ മേശയ്ക്കരുകിലേക്കുവരണമെന്ന് ആവശ്യപ്പെട്ട ട്രംപ് താന്‍ ദൈവത്തില്‍ പ്രതീക്ഷയര്പ്പിക്കുന്നതായും പറഞ്ഞു. ഉത്തരകൊറിയയുടെ മാത്രമല്ല ലോകത്തെ മുഴുവന്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി ശരിയായതു പ്രവര്‍ത്തിക്കാനും ട്രംപ് ആഹ്വാനം ചെയ്തു.
നേരത്തെ ഉത്തരകൊറിയ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നു പ്രഖ്യാപിച്ച ട്രംപ് ടോക്കിയോയില്‍നിന്നും സിയൂളിലെത്തിയപ്പോള് നിലാപാട് തിരുത്തി. ചര്‍ച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നും ഇനി നടപടിയാണു വേണ്ടതെന്നും ജപ്പാന് പര്യടനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമൊത്തു നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.