ബോളിവുഡ് താരങ്ങളും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം സംബന്ധിച്ച അന്വേഷണത്തില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാളെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യും. ഇതിനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ദീപികയ്ക്ക് ലഭിച്ചിരുന്നു. ശ്രദ്ധകപൂര്‍, സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കും എന്‍സിബി നോട്ടീസ് അയച്ചിട്ടുണ്ട്. സാറ അലിഖാനും, ശ്രദ്ധ കപൂറും സെപ്റ്റംബര്‍ 26നാണ് ഹാജരാകേണ്ടത്. രാകൂല്‍പ്രീത് സിംഗും ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ശ്രുതിമോഡിയും ഡിസൈനര്‍ സൈമണ്‍ ഖംബട്ടയും ഇന്നു ഹാജരാകാനാണ് എന്‍സിബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുശാന്തിന്റെ ആത്മഹത്യയ്ക്കു മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നും ബോളിവുഡിലെ നിരവധി താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇവരെ വിളിപ്പിച്ചത്. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക 2017-ല്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചാറ്റില്‍ പരാമര്‍ശിക്കപ്പെട്ട മുംബൈ പരേലിലെ കോകോ എന്ന റസ്‌റ്റോറന്റില്‍ അന്നു നടന്ന നിശാപാര്‍ട്ടിയില്‍ സോനാക്ഷി സിന്‍ഹ, സിദ്ധാര്‍ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ തുടങ്ങി വലിയൊരു താരനിര പങ്കെടുത്തിരുന്നു. നേരത്തേ റിയ ചക്രവര്‍ത്തിയും ജയസാഹയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ ലഹരി ഇടപാട് സൂചനകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുശാന്ത് കേസില്‍ എന്‍സിബി അന്വേഷണം ആരംഭിച്ചത്.