ഹത്രാസിൽ ദളിത് സഹോദരിയെ അതിക്രൂരവും പൈശാചികവുമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മനുഷ്യാധമൻമാരായ നീചൻമാർക്ക് സർവ്വ സംരക്ഷണവും നൽകുന്ന വർഗീയഫാസിസത്തിൻ്റെ വികൃത പ്രതീകമായ യോഗി ആദിത്യനാഥിന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത് വളരെയേറെ പ്രത്യാശയോടെയാണ് ജനാധിപത്യ മതേതര വിശ്വാസികൾ നോക്കി കാണുന്നത് എന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' യെന്ന നിലയിൽ പ്രവർത്തിച്ച യുപി പോലീസിന് പ്രിയങ്ക ഗാന്ധിയോട് മാപ്പ് പറയേണ്ടി വന്നതും തങ്ങളുടെ നിലപാട് ഒരു നിലയ്ക്കും ന്യായീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ നിന്ദ്യമായ അതിക്രമങ്ങൾക്കും യുപി പോലീസ് മാപ്പ് പറഞ്ഞേ മതിയാവൂ. നീതിനിഷേധത്തിൻ്റെയും സർവ്വവിധ കള്ളത്തരങ്ങളുടെയും കുൽസിത മാർഗങ്ങളുടെയും പാതയിൽ തന്നെയാണ് യോഗി ആദിത്യനാഥ്. ഇരയുടെ കുടുംബത്തിന് യോഗിയിലോ മോഡിയിലോ യാതോരു വിശ്വാസവുമില്ല. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ ജുഡീഷ്യൽ അന്വേഷണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമാണ്. ആ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് നീതിക്കുവേണ്ടിയുള്ള കോൺഗ്രസിൻ്റെ ദേശീയതലത്തിലുള്ള പോരാട്ടത്തിന് മനുഷ്യത്വമുള്ള മുഴുവൻ പേരുടെയും പൂർണ്ണ പിന്തുണയുണ്ടെന്നത് വ്യക്തമാണ് . ഭരണാധികാരമല്ല ജനാധികാരമാണ് അന്തിമമായി വിജയിക്കുകയെന്ന ഗാന്ധിയൻ പാഠം യോഗിയെയും മോഡിയേയും പ്രബുദ്ധരായ ജനങ്ങൾ പഠിപ്പിക്കും എന്നത് തീർച്ചയാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.