തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ക്കഴിയുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം വന്നിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം തോമസ് ചാണ്ടി വിഷയത്തെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ തുടക്കം മുതല്‍തന്നെ മുഖ്യമന്ത്രി സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയ്ക്കിടെ തോമസ് ചാണ്ടി നടത്തിയ വിവാദ പ്രസ്താവനകളോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

മന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി തന്റെ അതൃപ്തി അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല. തോമസ് ചാണ്ടിയ്ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം തുടരുന്നത്.

തോമസ് ചാണ്ടി റിസോര്‍ട്ട് നിര്‍മാണത്തിനായി കായല്‍ കൈയേറിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പുതിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോ എന്ന് കോടതി ആരാഞ്ഞു. സാധാരക്കാരന്‍ ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ ഇതേനിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു.