ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മൂലക്കല്ല് തകര്‍ത്ത ദാരുണമായ നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2016 നവംബര്‍ ഏഴിന് രാത്രി എട്ട് മണിക്ക് രാജ്യത്തോട് ചെയ്ത പ്രക്ഷേപണത്തിലാണ് സാമ്പത്തിക രംഗത്തെ വിപ്ലവകരമായ നടപടിയെന്ന നിലയില്‍ നോട്ട് പിന്‍വലിക്കലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. കള്ളപ്പണം പുറത്ത് കൊണ്ടുവരിക, കള്ളനോട്ട് നിര്‍മാണവും അഴിമതിയും തടയുക, തീവ്രവാദികളുടെ സാമ്പത്തിക ഇടപാടുകളെ തകര്‍ക്കുക എന്നീ കാര്യങ്ങളായിരുന്നു നോട്ട് പിന്‍വലിക്കലിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. 500, 1000 രൂപ നോട്ടുകളെ മൂല്യരഹിതമായി പ്രഖ്യാപിച്ചപ്പോള്‍ നിലവിലുള്ള കറന്‍സികളുടെ 86.4 ശതമാനം നോട്ടുകളാണ് അസാധുവായത്. 125 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ 2.2 ലക്ഷം കോടി നോട്ടുകള്‍ മാത്രമേ വിനിമയം നടത്താന്‍ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. 16.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അസാധുവായി.
സാമ്പത്തിക രംഗത്തെ മണ്ടത്തരം നിറഞ്ഞ ഈ തുഗ്ലക്ക് പരിഷ്‌കാരം കണ്ടു സാമ്പത്തിക വിദഗ്ധര്‍ ഞെട്ടി. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ പരിഹസിച്ചു. തനിക്ക് 50 ദിവസം തരികയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് പ്രധാനമന്ത്രി ആണയിട്ട് പറഞ്ഞു. ആസൂത്രണമോ മുന്‍കരുതലോ ബദല്‍ സംവിധാനമോ ഏര്‍പ്പെടുത്താതെ കൈക്കൊണ്ട ഈ നടപടിയുടെ ദുരിതത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പരിഹാരമായിട്ടില്ല. നാടെങ്ങും പണം മാറി കിട്ടുന്നതിനുള്ള ജനങ്ങളുടെ പ്രയാസങ്ങള്‍ അതീവ കഠിനമായിരുന്നു. നോക്കെത്താ ദൂരത്തില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ ജനങ്ങളുടെ ‘ക്യൂ’ പ്രത്യക്ഷപ്പെട്ടു. 115 ആളുകളാണ് ആ ക്യൂവില്‍ നിന്ന് മരിച്ചു വീണത്. ജനങ്ങളുടെ ദൈനംദിന ജീവിതം പാടെ സ്തംഭിച്ചു. നോട്ട് പിന്‍വലിക്കല്‍ നടപടി മുന്‍കൂട്ടി അറിഞ്ഞ ശതകോടീശ്വരന്‍മാരും മോദിയുടെ ആത്മസുഹൃത്തുക്കളായ കോര്‍പ്പറേറ്റുകളും തങ്ങളുടെ കള്ളപ്പണം നേരത്തെ തന്നെ വെളുപ്പിച്ചിരുന്നു. ഈ ദുരന്തത്തിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വന്നത് ഇടത്തരക്കാരും സാധാരണക്കാരുമായിരുന്നു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അന്തം വിട്ടു നില്‍ക്കുകയായിരുന്നു. 50 ദിവസത്തിനുള്ളില്‍ 65ഓളം ഉത്തരവിറക്കി റിസര്‍വ് ബാങ്ക് അതിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തു. അസാധുവായ നോട്ടുകളില്‍ എത്രയെണ്ണം തിരിച്ചുവന്നു എന്ന് തിട്ടപ്പെടുത്തി പറയാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഈ നടപടിയിലൂടെ ഒരു കള്ളപ്പണക്കാരനെപ്പോലും പിടികൂടാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പിന്‍വലിച്ച നോട്ടിന് പകരം ഇറക്കിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ പലയിടങ്ങളില്‍ നിന്നും അടിച്ചിറക്കാന്‍ തുടങ്ങി. നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ ഒരിടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചില്ല. പിന്നീട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയാണ് നോട്ട് പിന്‍വലിച്ചതെന്നും രാജ്യമെങ്ങും ഡിജിറ്റല്‍ പേമെന്റ് നടപ്പാക്കുമെന്നും ആവര്‍ത്തിച്ചു. സമ്പൂര്‍ണ നോട്ട് രഹിത ഗ്രാമമെന്ന് പ്രഖ്യാപിച്ച കണ്ഡവാടിയില്‍ ഒരു വര്‍ഷമായിട്ടും 80 ശതമാനം സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല.
നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജി എസ് ടി നടപ്പാക്കിയതോടെ തകര്‍ന്ന സമ്പദ്ഘടനയ്ക്ക് അത് കൂനിന്മേല്‍കുരു പോലെ ആഘാതമായി. വ്യവസായങ്ങളും കൃഷിയും ഉല്‍പാദന- നിര്‍മാണ തൊഴില്‍ മേഖലകളും അതികഠിനമായ തിരിച്ചടികളേറ്റു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു. പണപ്പെരുപ്പം കൂടി. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവാത്ത വിധം ഉയര്‍ന്നു. റിസര്‍വ് ബാങ്കും സ്റ്റേറ്റ് ബാങ്കും ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കും പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് സാമ്പത്തിക മാന്ദ്യം പെരുപ്പിച്ചുകാണിക്കുകയെന്നാണ്. തെറ്റായ ആശയം തെറ്റായി നടപ്പാക്കിയതിന്റെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രോഗത്തേക്കാള്‍ മാരകമായ ചികിത്സ നടത്തി ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആരോഗ്യം മോദി തകര്‍ത്തു. നോട്ട് പിന്‍വലിക്കലും ചരക്ക് സേവന നികുതിയും വഴി ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായിരിക്കുന്നു. ജീവിക്കാനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കുമായി ഒരു ജനത കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം തിരികെയെടുക്കാന്‍ പരിധി നിശ്ചയിച്ച നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്‌കാരം അങ്ങേയറ്റം ക്രൂരവും അപഹാസ്യവുമായിരുന്നു. കടുത്ത നാളുകളിലൂടെ കടന്നു പോകുന്ന ഇന്ത്യയ്ക്ക് നവംബര്‍ എട്ട് കറുത്ത ദിനമായേ സ്മരിക്കാനാവുകയുള്ളൂ.