എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന് നൽകാവുന്ന പരമാവധി ഇളവുകൾ കൊടുത്താണ് ഇ ഡിയുടെ കസ്റ്റഡി അപേക്ഷ അനുവദിച്ചിരിക്കുന്നത് .പതിന്നാലു ദിവസം ശിവശങ്കരനെ കസ്റ്റഡിയിൽ കിട്ടാനാണ് ഇ ഡി കോടതിയിലെത്തിയത് .ശിവശങ്കർ വൈകാരികമായി ജഡ്ജിയോട് തന്റെ ശാരീരിക അസ്വാസ്ഥ്യങ്ങളെ കുറിച്ച് പറഞ്ഞു, രണ്ടു മണിക്കൂറിലേറെ തുടർച്ചയായി ചോദ്യം ചെയ്യൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.ഇപ്പോൾ കോടതി നിർദ്ദേശിച്ചിരിക്കുന്നത് മൂന്നുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്യരുത് എന്നാണ് .വൈകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ല .ചികിത്സയ്ക്കും സൗകര്യമൊരുക്കണം .
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ അറസ്റ്റിലായിരിക്കുന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ പരാമർശിക്കാതെ വയ്യ .
യു എ ഇ കൗൺസുലേറ്റ് സ്വർണക്കടത്തു കേസ് വാർത്തകൾ പുറത്തുവന്ന സമയം മുതൽക്കേ ശിവശങ്കറും വർത്തകളിലുണ്ട് .പിണറായി സർക്കാരിനെ അഴിമതി വിഷയത്തിൽ പ്രതിക്കൂട്ടിലാക്കിയ നിരവധി ഇടപെടലുകളിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി കാര്യങ്ങൾ നടത്തിയത് ശിവശങ്കറാണ് .സ്പ്രിങ്ക്ലർ ,ബെവ്‌കോ ആപ്പ് ,ലൈഫ് കമ്മീഷൻ ,സ്വർണക്കടത്തു കേസ് എന്നിവയിൽ എല്ലാം തന്നെ ശിവശങ്കറിന്റെ കയ്യൊപ്പുണ്ട് .
സ്വർണക്കടത്തു കേസ് പുറത്തുവന്ന ജൂൺ മുതൽക്കേ ശിവശങ്കർ സംശയത്തിന്റെ പുകമറയിൽ നിൽക്കുകയായിരുന്നു.എൻ ഐ എയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റുമൊക്കെ നിരവധി തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു എങ്കിലും അനിവാര്യമായ അറസ്റ്റ് മാത്രം നീങ്ങിപ്പോയി .
ശിവശങ്കർ നിരപരാധിയാണോ ?
മാധ്യമങ്ങളിലൂടെ പുറത്തുവന്ന മൊഴികൾ സംബന്ധിച്ച വാർത്തകളിൽ കേട്ടിരുന്ന ശിവശങ്കറിന്റെ പ്രധാന വാദം “സ്വപ്ന ആവശ്യപ്പെട്ടിട്ടും താൻ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടിട്ടില്ല ” എന്നായിരുന്നു .അതുകൊണ്ടു മാത്രം ശിവശങ്കറിന്റെ ഉത്തരവാദിത്തം തീരുന്നില്ല എന്ന് വിശകലനവുമുണ്ടായി .ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടില്ല പക്ഷെ അപ്പോൾ തന്നെ ആ വിവരം അദ്ദേഹം നിയമത്തിനു മുൻപിൽ കൊണ്ട് വരണമായിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ സ്വന്തം ഉത്തരവാദിത്തം മറന്ന് കള്ളക്കടത്തുകാർക്കു സഹായകരമായ നിലപാടെടുത്തു എന്ന് ആ സമയം തന്നെ തെളിഞ്ഞിരുന്നു.
എങ്ങുമെത്താത്ത ചോദ്യം ചെയ്യൽ
മണിക്കൂറുകൾ നീണ്ട മാരത്തോൺ ചോദ്യം ചെയ്യൽ തുടർക്കഥയായി.ഓരോ തവണയും അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇത് മികച്ച അഭിഭാഷകരുമായി ചർച്ച നടത്തി ഉയർന്നു വന്ന ചോദ്യങ്ങൾക്കെല്ലാം മികച്ച മറുപടി കണ്ടെത്താൻ ശിവശങ്കറിനെ സഹായിച്ചു .ആത്മവിശ്വാസത്തോടെ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇതിലൂടെ ശിവശങ്കറിന് സാധിച്ചു.
ചോദ്യം ചെയ്യലിന് കൃത്യമായി ഹാജരായിക്കൊണ്ട് അന്വേഷണവും ചോദ്യം ചെയ്യലുമായി താൻ സഹകരിക്കുന്നുണ്ടെന്നു കാണിച്ച് മുൻകൂർ ജാമ്യം നേടാനും ശിവശങ്കർ ശ്രമിച്ചു .
ശിവശങ്കർ ഇ ഡി കേസിൽ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ ,കേസിൽ അഞ്ചാം പ്രതി.
ഏഴ് ദിവസത്തിനുള്ളിൽ കൃത്യമായ ചോദ്യം ചെയ്യലിലൂടെ നിസ്സഹകരണത്തിന്റെ പുറന്തോട് പൊട്ടിച്ച് ശിവശങ്കറിൽ നിന്നും ഇ ഡി വിവരങ്ങൾ ചോർത്തിയെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .