പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് തന്നെ വിസ്മയിപ്പിച്ചു എന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എം എൽ എ.
- ഇക്കാര്യത്തിൽ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്.
- നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വാദത്തിന് വേണ്ടി , നിയമസഭക്ക് നൽകിയ ഉറപ്പുകളാണ് വിഷയമെങ്കിൽ തന്നെ അത് അന്വേഷിക്കേണ്ടത് ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതിയാണ്.
- സർക്കാർ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താൻ നിയമസഭാ സമിതിക്ക് അധികാരമില്ല.
- ലൈഫ്മിഷൻ കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകൾ കൊണ്ടുപോയതും വിജിലൻസാണ്. എന്തുകൊണ്ടാണ് നിയമസഭാ സമിതി വിജിലൻസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാത്തത്?
- ഇതാണ് സമീപനമെങ്കിൽ ഒരു അന്വേഷണ ഏജൻസിക്കും കേരളത്തിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാൻ കഴിയില്ല.
- ലൈഫ് മിഷന്റെ വീടുകൾ മുഴുവൻ പൂർത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നൽകിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം യുക്തിരഹിതവും ജനങ്ങളുടെ മുന്നിൽ നിയമസഭയെ പരിഹാസപാത്രമാക്കുന്നതുമാണ് എന്നും വി ഡി സതീശൻ ആരോപിച്ചു .
അന്വേഷണങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടക്കട്ടെ. ദയവു ചെയ്ത് നിയമസഭയെയും സഭാസമിതികളെയും ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപഹാസ്യമാക്കരുത്.