ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ടിന് ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി ലഭിച്ചു. ഓസ്‌കാറിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ചിത്രത്തിന് ഇതിനകം ലഭിച്ചുകഴിഞ്ഞു, 2001 ന് ശേഷം ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യമലയാള ചിത്രം കൂടിയാണ് ജല്ലിക്കെട്ട്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോജോസ് പെല്ലിശ്ശേരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദുസമദ്, ശാന്തി ബാലകൃഷ്ണന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ജല്ലിക്കെട്ടില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയില്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. 14 അംഗ ജൂറിയാണ് ജല്ലിക്കെട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയിയാ തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ്. അതിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത സലിം കുമാര്‍ നായകനായ ചിത്രം ആദാമിന്റെ മകന്‍ അബുവും ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി നേടിയിരുന്നു. 2021 ഏപ്രില്‍ 25-ന് ലോസ് ആഞ്ജല്‍സില്‍ വെച്ചാണ് 93-ാമത് അക്കാദമി പുരസ്‌ക്കാര ചടങ്ങ് നടക്കുക.