ബഹുരാഷ്ട്ര കുത്തക കമ്പനിയ്ക്ക് ഇടത് സർക്കാരിൻറെ ഔദാര്യം. സ്പ്രിംക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു എന്ന് ഡോ: എസ്.എസ്. ലാൽ.
വ്യക്തിഗത വിവരങ്ങൾക്ക് പരിഷ്കൃത ലോകം ഏറെ മൂല്യം കൽപിക്കുന്നുണ്ട്. പ്രത്യേകിച്ചും പൗരൻമാരുടെ ആരോഗ്യ വിവരങ്ങൾക്ക്. സ്പ്രിംക്ലർ കരാറിലൂടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ആഗോള മരുന്ന് നിർമ്മാണ കമ്പനികൾക്കുൾപ്പെടെ ചോരുമെന്ന ആരോപണം ഉയർന്നപ്പോഴും ‘ഡേറ്റ ചോർച്ച’ എന്ന പ്രയോഗത്തെ പരിഹാസത്തോടെയാണ് ഇടതു ബുദ്ധിജീവികൾ പോലും സമീപിച്ചത്.
സ്പ്രിംക്ലർ കരാർ സംബന്ധിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് സർക്കാരിൻറെ ഗുരുതരമായ ക്രമക്കേടുകളും വഞ്ചനകളുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൻറെ പേരിൽ പൗരൻമാരുടെ ആരോഗ്യ വിവരങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറിയെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സമിതി തന്നെ കണ്ടെത്തിയിരിക്കുകയാണ് എന്ന് പ്രഭഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷനും പ്രശസ്ത ഡോക്ടറുമായ എസ്.എസ്. ലാൽ ആരോപിച്ചു .
ആരോഗ്യ വിവരങ്ങൾ ചോർത്തുന്നത് എന്തിന്?
ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ആഗോള ഔഷധ- ഇൻഷൂറൻസ് കമ്പനികളെ സംബന്ധിച്ചിടുത്തോളം സുപ്രധാനമാണ്. ഒരു നാട്ടിലെ ജനങ്ങൾക്കുള്ള രോഗം, നിലവിലെ ചികിത്സകൾ എന്നിവ മനസിലാക്കിയാൽ അതിനനുസരിച്ചുള്ള മരുന്നുകൾ മാർക്കറ്റ് ചെയ്യാൻ ഔഷധ കമ്പനികൾക്ക് എളുപ്പത്തിൽ സാധിക്കും. ഉപയോക്താക്കൾ പരസ്യമാക്കാൻ ആഗ്രഹിക്കാത്ത അസുഖ സംബന്ധമായ വിവരങ്ങൾ കമ്പനികൾക്ക് ലഭിക്കും.
കരാർ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും അറിയാതെ
സംസ്ഥാന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ സമിതിയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആരോഗ്യ സെക്രട്ടറിയോ അറിയാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സംസ്ഥാന ഐ.ടി സെക്രട്ടറിയുമായിരുന്നയാൾ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ വിദേശ കമ്പനിക്ക് കരാർ നൽകിയെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.
സ്പ്രിംഗ്ളർ കമ്പനിയുടെ ബിഗ് ഡേറ്റ വിശകലന സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ മാത്രമേ കോവിഡിനെ നിയന്ത്രിയ്ക്കാൻ കഴിയൂ എന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പുമായി പോലും ഐടി വകുപ്പ് കൂടിയാലോചന നടത്തിയിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍. കോബ്രഗഡെയുടെ മൊഴിയായി അന്വേഷണ സമിതി റിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നത്. മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്നും സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരൂഹമായ കാരാർ ഉണ്ടാക്കിയതിനു പിന്നാലെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാൻ തയാറാകാതിരുന്നതും ഏറെ ദുരൂഹമാണ്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് ജനങ്ങൾക്ക് മുന്നിലെത്തിയെന്നതും കോവിഡ് പ്രതിരോധത്തിൽ സർക്കാരിൻറെ ഒളിച്ചുകളി വ്യക്തമാക്കുന്നു.
കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ മെച്ചവും കൊവിഡ് പ്രതിരോധത്തിൽ ജനങ്ങൾ നൽകിയ സമ്പൂർണ്ണ പിന്തുണയും നിഷ്പ്രഭമാക്കിയത് സർക്കാരിൻറെ തെറ്റായ നടപടികളാണ്. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത്തിനും കാരണം സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പരാജയമാണ് എന്നും ഡോ: എസ്.എസ്. ലാൽ ആരോപിക്കുന്നു .