കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനുമുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐ.സി.യൂ., വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. കോവിഡുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ അനുവര്‍ത്തിക്കുന്ന കാര്യത്തില്‍ ഒരു അലംഭാവം ജനങ്ങളില്‍ ഉണ്ടാകുന്നതായി കാണുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കും.

50% മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ. അതുപോലെത്തന്നെ ഐസൊലേഷന്‍/ കോറന്റൈന്‍ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇളവുകള്‍ നല്‍കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവന്‍ പണയം വച്ചുകൊണ്ടാകരുത് എന്ന് ഐ.എം.എ. ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാകുന്ന അവസ്ഥ അകലെയല്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.

കോണ്ടാക്ട് ടെസ്റ്റിംഗ്, സര്‍വൈലന്‍സ് ടെസ്റ്റിംഗ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊര്‍ജ്ജസ്വലമായി വീണ്ടും ചെയ്താല്‍ മാത്രമേ രോഗബാധിതരെയും, രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുകയുള്ളു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ നില തുടര്‍ന്നാര്‍ ആരോഗ്യ പ്രര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ലോക നിലവാരത്തില്‍ത്തന്നെ വാക്‌സിന്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ള കേരളത്തില്‍ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് ത്വരിതഗതിയില്‍ വാക്‌സിനേഷന്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എം.എ. പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

കോവിഡിന്റെ മുന്‍നിര പോരാളികളായ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ വേതന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരമുണ്ടാക്കി അവരെ സമരമാര്‍ഗ്ഗത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്തിരിപ്പിക്കണമെന്ന് ഐ.എം.എ. സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.