തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്. തുറമുഖ നിര്‍മ്മാണം നടക്കുന്നതിനാല്‍ വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിര്‍മ്മാണം നടക്കുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഓയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 4നാണ് സത്‌നാം സിങ്ങ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
കരമനകളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികള്‍ക്ക് പളളിച്ചല്‍ വില്ലേജില്‍ 3 സെന്റ് വീതം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. മൂക്കുന്നിമല സര്‍ക്കാര്‍ എയ്ഡഡ് റബര്‍ പ്ലാന്റേഷന്‍ സൊസൈറ്റി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായാണ് ഭൂമി നല്‍കുക. കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചു. സാംസ്‌കാരിക ഡയറക്‌ടേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകളും കണ്ണൂര്‍ ചെറുപ്പുഴ സബ്ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ട്രഷറര്‍ എന്നീ 3 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐടിഐകളില്‍ അനുവദിച്ച 2 ട്രേഡുകളില്‍ ഓരോ യൂണിറ്റ് കൂടി അനുവദിക്കും.
കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് മരണപ്പെട്ട പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം (44) എന്നിവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് അമ്പതിനായിരം രൂപ വീതവും മറ്റുളള 11 പേര്‍ക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.