കെ സുധാകരന്റെ ‘ചെത്തുകാരന്റെ മകൻ ‘ എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശം വൻവിവാദമായി .ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ്സിൽ രമേശ് ചെന്നിത്തലയുടെയും ഷാനിമോൾ ഉസ്മാന്റെയും ആദ്യപ്രതികരണം സുധാകരനെ തള്ളിക്കൊണ്ടായിരുന്നു .
എന്നാൽ തന്റെ പ്രസ്താവനയിൽ കെ സുധാകരൻ ഉറച്ചു നിന്നു. പിണറായി വിജയനെ നേരിട്ട് കടന്നാക്രമിച്ച സുധാകരനെ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുക കൂടെ ചെയ്തതോടെ രമേശ് ചെന്നിത്തല നിലപാട് മാറ്റി മലക്കം മറിഞ്ഞു. ഒരു പൊതു പ്രസ്താവനയാണ് താൻ നടത്തിയത് ,സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല .കെ സുധാകരൻ കോൺഗ്രസ്സ് പാർട്ടിക്ക് മുതൽക്കൂട്ടാണ് .അദ്ദേഹം ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളല്ല എന്നതാണ് തന്റെ വിശ്വാസം എന്നും രമേശ് പറഞ്ഞു .മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ് സുധാകരൻ പരാമർശിച്ചത് എന്നും രമേശ് വിശദീകരിച്ചു .
നേരത്തെ സുധാകരൻ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്ന രമേശിന്റെ അഭിപ്രായപ്രകടനം സുധാകരനെ ചൊടിപ്പിച്ചിരുന്നു . തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തിന് ശേഷം ഉമ്മൻചാണ്ടിയെ സംസ്ഥാന കോൺഗ്രസ്സിൽ മുൻനിരയിലേക്ക് കൊണ്ടുവന്നതിനെ കെ സുധാകരൻ പിന്തുണച്ചു സ്വാഗതം ചെയ്തിരുന്നു.സ്വന്തം ചേരിയിലെ നേതാവായ സുധാകരൻ നിർണ്ണകഘട്ടത്തിൽ ഉമ്മൻചാണ്ടിയെ പിന്തുണച്ചത് രമേശിനെ വിഷമിപ്പിച്ചിരുന്നു .രമേശ് ഒഴിവാക്കപ്പെടരുത് എന്ന് തൊട്ടടുത്ത ദിവസം സുധാകരൻ പ്രസ്താവന നടത്തുകയും ചെയ്തു .