കഴക്കൂട്ടത്തെ ബി ജെ പി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ നേതൃത്വം തീരുമാനിച്ചു .മറ്റന്നാൾ മണ്ഡലത്തിലെത്തും എന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി .പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടർന്നാണ് ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് ലഭിച്ചത് .ബി ജെ പി കേരളം ഘടകത്തിൽ ഉള്ള പടലപ്പിണക്കം കാരണം കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം നീണ്ടു പോയി . പ്രസ്തുത സീറ്റിൽ മത്സരിക്കാൻ സന്നദ്ധയായ ശോഭയ്ക്ക് അനുകൂലമായല്ല സംസ്ഥാന നേതൃത്വം പ്രതികരിച്ചത് .അവരെ ഒഴിവാക്കാൻ സീറ്റ് ബി ഡി ജെ എസ്സിന് കൊടുത്ത് തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാനും ശ്രമമുണ്ടായി .
ശബരിമല വിഷയത്തിൽ ഭക്ത സമൂഹത്തിനു മുന്നിൽ വല്ലാതെ വഷളായി നിൽക്കുന്ന സി പി എം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കുക എളുപ്പമാണ് എന്നാണ് ശോഭയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത് .രാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായ ഡോ.എസ് എസ് ലാലാണ് യു ഡി എഫ് സ്ഥാനാർത്ഥി എന്നത് മത്സരം എൽ ഡി എഫും ബിജെപിയും തമ്മിലാണ് എന്ന തരത്തിലാക്കി എന്നും ബി ജെ പി കേന്ദ്രങ്ങൾ വിലയിരുത്തുന്നു .
കെ സുരേന്ദ്രനടക്കമുള്ള വി മുരളീധരൻ പക്ഷത്തിന്റെ പൂർണ്ണ സഹകരണം കഴക്കൂട്ടത്ത് ലഭിക്കുക എന്നതാണ് ശോഭാ സുരേന്ദ്രൻ നേരിടുന്ന വെല്ലുവിളി . ഏഴായിരത്തി മുന്നൂറ്റി നാൽപ്പത്തേഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ൽ കടകംപള്ളി സുരേന്ദ്രൻ ബി ജെ പി നേതാവ് വി മുരളീധരനെ തോൽപ്പിച്ചത് .സിറ്റിംഗ് എം എൽ എ ആയിരുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി എം എ വഹീദ് ആ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയി .