പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന് അന്തരിച്ചു. 69 വയസ്സായിരുന്നു. കുറച്ചു നാളുകളായി അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശ്രീലത, മക്കള്‍: ശ്രീകാന്ത് ചന്ദ്രന്, പാര്‍വ്വതി ചന്ദ്രന്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.00 മണിക്ക്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലായിരുന്നു ജനനം. എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അധ്യാപകനായിട്ടായിരുന്നു തുടക്കം. പിന്നീട് സ്കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു അദ്ദേഹം.
1991-ല്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ അങ്കിള്‍ബണ്‍ എന്ന ചിത്രത്തില്‍ തിരക്കഥ എഴുതികൊണ്ടാണ് സിനിമയില്‍ സജീവമായത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, പുനരധിവാസം, അഗ്നിദേവന്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കി. 2019-ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതി പുറത്തിറങ്ങിയ ചിത്രം. തിരക്കഥാകൃത്ത് മാത്രമല്ല അഭിനയത്തിലും സജീവമായിരുന്നു ബാലചന്ദ്രന്. അന്നയും റസൂലും, ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഇമ്മാനുവല്‍, ചാര്‍ളി, കമ്മട്ടിപ്പാടം തുടങ്ങി 50ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിചിത്രം വണ്ണിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 1989-ല്‍ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡും പുനരധിവാസം എന്ന സിനിമയുടെ തിരക്കഥാ രചനയിലൂടെ 1999-ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡും മികച്ച നാടക രചനയ്്ക്കുള്ള 2009-ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.