സംഘടനാ കോൺഗ്രസിനെ കേരളത്തിൽ നയിക്കാനുള്ള ഉത്തരവാദിത്തം ഇനി കെ സുധാകരന് . രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. ഹൈകമാൻഡ് പട്ടികയിൽ കെ സുധാകരൻ എന്ന ഒരൊറ്റ പേരെ ഇപ്പോൾ പരിഗണനയിലുള്ളു .ഹൈകമാൻഡ് കേരളാ നേതാക്കളെ കൂടെ വിശ്വാസത്തിലെടുത്ത് അധ്യക്ഷനെ നിയമിക്കാൻ ശ്രമിച്ചു വരികയായിരുന്നു .അഖിലേന്ത്യാ ഭാരവാഹി താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തി .

നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനുള്ള ശ്രമം എ ഗ്രൂപ്പ് നടത്തി നോക്കി .കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആ നീക്കം നേതാക്കൾക്ക് മരവിപ്പിക്കേണ്ടിവന്നു.സമൂഹ മാധ്യമങ്ങളിൽ അതിരൂക്ഷമായ പ്രതിഷേധമുണ്ടായി .എ ഗ്രൂപ്പിൽ നിന്നുപോലും കാര്യമായ പിന്തുണയുണ്ടായില്ല .മുൻമന്ത്രി കെ ബാബുവിന്റെ പേരും എ ഗ്രൂപ്പ് നേതൃത്വം അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചു . തങ്ങൾ ഏതെങ്കിലും പേര് പറഞ്ഞാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടക്കാനിടയില്ല എന്ന തിരിച്ചറിവും വൈകാതെ ഗ്രൂപ്പ് നേതാക്കൾക്കുണ്ടായി.അതോടെ ഒരു പേരും പറയുന്നില്ല എന്ന നിലപാടിലേക്ക് നേതാക്കളെത്തി .


എഴുപത്തിമൂന്നുകാരനായ കെ സുധാകരൻ എന്ന കുമ്പകുടി സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷകൾ വാനോളമാണ് . സുധാകരൻ തന്നെ താൻ അധ്യക്ഷ പദവിയിലെത്തിയാൽ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു .കോൺഗ്രസിന് ഒരു സെമി കേഡർ സ്വഭാവം കൊണ്ടുവരും എന്നാണ് സുധാകരൻ പറയുന്നത് .അതൊക്കെ എത്രകണ്ട് കോൺഗ്രസിൽ സാധ്യമാകും എന്നത് കണ്ടുതന്നെ അറിയേണ്ടതാണ് .
നേരത്തെ തന്നെ നിരവധി നേതാക്കളുടെ ഒരു കൂട്ടായ്മ തന്നെ ആയിരുന്നു കേരളത്തിലെ ഐ ഗ്രൂപ്പ് .ആദ്യം കെ പി സി സി അധ്യക്ഷൻ ,പിന്നീട് പ്രതിപക്ഷ നേതാവ് എന്നൊക്കെയുള്ള പദവികൾ ഉണ്ടായിരുന്നത് കൊണ്ട് രമേശ് ചെന്നിത്തലക്ക് ഐ ഗ്രൂപ്പിനെ നയിക്കാൻ സാധിച്ചു .ഐ ഗ്രൂപ്പ് നേതൃത്വം ഇനി കെ സുധാകരനിലേക്കെത്തും എന്നത് ഏറെക്കുറെ ഉറപ്പാണ് .കെ പി സി സി അധ്യക്ഷനായി സുധാകരന്റെ പേര് ഉയർന്നുവന്നിട്ടും അതിനെ പിന്തുണക്കാൻ രമേശ് ചെന്നിത്തല തയ്യാറാകാത്തത് സുധാകരനെയും അനുയായികളെയും ചൊടിപ്പിച്ചിരുന്നു .കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ സുധാകരൻ അധ്യക്ഷനായാൽ ഏറെ പ്രതികൂലമായി ബാധിക്കുക രമേശിനെ തന്നെ ആയിരിക്കും .അഖിലേന്ത്യാ ഭാരവാഹിത്വം ലഭിച്ചാൽ ദില്ലിയിലേക്ക് പോകാം എന്ന മനസ്സിലാണ് രമേശ് എന്നാണ് അദ്ദേഹത്തോട് അടുത്ത ആളുകൾ പറയുന്നത് .