ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ ഏഴാമത് പരമ്പരാഗത പായ്കപ്പല്‍ മേളയ്ക്ക് നവംബര്‍ പതിനാലിന് തുടക്കമാകും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിൽ കത്താറ ബീച്ചിലാണ് മേള നടത്തുന്നത്. ഖത്തറിന്റെ സമുദ്രയാന പാരമ്പര്യത്തെക്കുറിച്ച് പുതു തലമുറക്കും സന്ദര്‍ശകര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് അഞ്ചു ദിവസം നീളുന്ന മേളയുടെ രൂപകല്പന. ഖത്തറിന്റെ പൂര്‍വികരുടെ സമുദ്രയാന യാത്രകളുടെ ഓര്‍മ പുതുക്കുന്നതിനൊപ്പം പുതുതലമുറക്ക് പൂര്‍വിക പൈതൃകം പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം.
ഇത്തവണ ദോഹയില്‍നിന്ന് തുടങ്ങുന്ന യാത്ര ഒമാനിലാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ സമുദ്രായന പൈതൃകം സംരക്ഷിക്കുന്നതിനുള്ള കത്താറയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് യാത്ര. ഫത് അല്‍ഖൈര്‍ യാത്രക്ക് ശേഷം തിരികെയെത്തുന്ന സംഘത്തിന് പ്രവാസികളും പൗരന്മാരും ചേര്‍ന്ന് വലിയ സ്വീകരണമാണ് നല്‍കുന്നത്. പരമ്പരാഗത പായ്ക്കപ്പലിലാണ് ഫത് അല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഇത്തവണത്തെ യാത്രയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ സദയാണ് ഖത്തറി സംഘത്തെ നയിക്കുന്നത്. സഹകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായാണ് ഖത്തറി സംഘത്തിന്റെ ഫത് അല്‍ ഖൈര്‍ യാത്ര.
സമുദ്രയാനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത് അല്‍ ഖൈര്‍ യാത്ര നടത്തുന്നത്. 2015- ല്‍ ഇന്ത്യയിലേക്കായിരുന്നു ഖത്തറി സംഘം ഫത് അല്‍ ഖൈര്‍ യാത്ര നടത്തിയത്.