വെർച്വൽ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത് പദ്‌മശ്രീ. എം.എ. യൂസഫലി
ബ്രാംപ്റ്റൺ/ആലപ്പുഴ: ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കൂടി കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരത്തിൻ്റെ പതാക ഉയർത്തൽ കർമ്മം ഡോ.എം.എ യൂസഫലി നിർവഹിച്ചു.സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിർച്ച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.കൂട്ടായ പ്രവർത്തനത്തിലൂടെ വള്ളം കളി കഴിഞ്ഞ ഒരു ദശാംബ്ദം മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടൻ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാൻ കേരള ടൂറിസത്തിന് ഇത്തരം പരിപാടികൾ ഊർജ്ജം നൽകുമെന്ന് മന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന്റെ യഥാർത്ഥ പ്രചാരകരാവാൻ സാധിക്കുന്നത് നമ്മുടെ അതി വിപുലമായ പ്രവാസി ജനസമൂഹത്തിനു തന്നെയെന്നും അദ്ദേഹം പ്രസ്താവിച്ചു. എം. എ ആരിഫ് എം.എൽ.എ പങ്കെടുത്തു.
കനേഡിയൻ മലയാളികൾക്കിനി ആവേശമുണർത്തുന്ന കാത്തിരിപ്പിന്റെ നാളുകൾ. ബ്രാംപ്ടൻ ബോട്ട് റേസ് ആഗസ്റ്റ് 21 ന് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിലാണ് മത്സരം അരങ്ങേറുന്നത്.
ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്രുവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തിൽ മലയാളികളുടെ മാത്രം ആഘോഷമായി ഹാർട്ട് ലെയിക്കിൽ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്‌സ് ലെയിക്കിൽ എത്തി നിൽക്കുമ്പോൾ 10-11 പേരുള്ള വലിയ വള്ളങ്ങൾ വരെ ഇടം പിടിക്കുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരക്കുന്നു. അതെ, ‘ബ്രാംപ്ടൻ ബോട്ട് റേസ്‘ ഇന്ന് ചെറിയൊരു വള്ളംകളിയല്ല, പ്രവാസി മലയാളി ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരമാണ്. കാനഡയിലെ മന്ത്രിമാര്‍,എം പി മാര്‍, മേയര്‍ എന്നിവര്‍ ഇന്ന് ഈ വള്ളംകളിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്.
ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്.
കുര്യൻ പ്രക്കാനം , ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി തുടങ്ങിയവർ അവസാന വട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയതായി ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.