കുവൈത്ത് സിറ്റി: വിദേശികൾക്ക് പുതുക്കിയ ചികിത്സാഫീസ് ഞായറാഴ്ച പ്രാബല്യത്തിലായെങ്കിലും വാഹനാപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഫീസ് അടച്ചാലേ ചികിത്സ ആരംഭിക്കൂ എന്ന നിബന്ധന ബാധകമായിരിക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി പറഞ്ഞു. പരിഷ്കരിച്ച ഫീസ് ഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം സാഹചര്യങ്ങളിൽ അനുയോജ്യമായ നിലപാട് എടുക്കാനുള്ള അവകാശം ആശുപത്രി ഡയറക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുണ്ട്. രോഗിയുടെ ജീവന് പ്രാധാന്യം നൽകി മെഡിക്കൽ റിപ്പോർട്ടും വകുപ്പ് മേധാവികളുടെ നിർദേശവും പരിഗണിച്ച് ആദ്യം ചികിത്സ ആരംഭിക്കും. ആഗോളാടിസ്ഥാനത്തിൽ ചികിത്സാ സേവന ഫീസിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചികിത്സാ ഉപകരണങ്ങൾ, അനുബന്ധ യന്ത്രങ്ങൾ എന്നിവയുടെ വിലയിലും വലിയ വർധനയാണ് ഉണ്ടായത്. ഈ രംഗത്ത് വൻ തുകയാണ് സർക്കാർ ഖജനാവിൽനിന്ന് പ്രതിവർഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇത് കുറച്ചെങ്കിലും തിരിച്ചുപിടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ആശുപത്രികളിൽ പരിഷ്കരിച്ച ഫീസ് ഘടന നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. ചികിത്സാ സേവനങ്ങൾക്ക് പകരമായി വിദേശികളിൽനിന്ന് ഈടാക്കിയിരുന്ന ഫീസ് ഘടനക്ക് 24 വർഷത്തെ പഴക്കമുണ്ട്. 1993 മുതൽക്കുള്ള ഫീസ് ഘടനയായിരുന്നു ഇതുവരെ സർക്കാർ ആശുപത്രികളിൽ നടപ്പാക്കിയിരുന്നത്.
എന്നാൽ, ചികിത്സാ സേവന ഫീസ് വർധിപ്പിച്ചെന്ന് കരുതി വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് തുക ഈടാക്കുന്നത് നിർത്തിവെക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഇഖാമ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചിരിക്കണമെന്ന നിബന്ധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.