തിരുവനന്തപുരം: കേരളത്തിലെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ദേശീയ സംരംഭക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നിരവധി കടമ്പകളിപ്പോഴുണ്ട്. നിയമങ്ങളെ പ്രായോഗികമായി വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി വേണം. നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന നിലപാടിനൊപ്പമാണ് സര്‍ക്കാര്‍. തൊഴില്‍ മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി സാധ്യതകള്‍ വളര്‍ന്നു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ പുതിയ ആശയങ്ങളും ഉത്പന്നങ്ങളും ഉണ്ടാവണം. സര്‍ക്കാര്‍ ജോലിയെ മാത്രം ആശ്രയിക്കുന്ന നിലപാട് മാറണം. സ്വയം സംരംഭങ്ങള്‍ തുടങ്ങുന്നതിന് സ്ത്രീകള്‍ മുന്‍കൈയെടുക്കണം. നാളീകേരത്തില് നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കോഴിക്കോട്ടെ സുഭിക്ഷയുടെ മാതൃക പിന്തുടരാവുന്നതാണ്. സ്വയംസംരംഭക രംഗത്ത് കുടുംബശ്രീ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ സമസ്ത മേഖലകളിലും പുരുഷനൊപ്പം പ്രവര്‍ത്തിക്കുന്നു. നിക്ഷേപക സംസ്കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരു തലമുറ കേരളത്തില്‍ വളര്‍ന്നു വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്വയം സംരംഭങ്ങളിലൂടെ കഴിവ് തെളിയിച്ചവര്‍ ക്ലാസുകളെടുക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എം. ഡി ശ്രീറാം വെങ്കിട്ടരാമന്, ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന അലക്സാണ്ടര്‍, വ്യവസായ പരിശീലന വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ മാധവന്, തൊഴില്‍ വകുപ്പ് ജോ. ഡയറക്ടര്‍ ജോര്‍ജ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.