ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല.
വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, മണിപ്പുര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 2011ലെ സെന്‍സസ് പ്രകാരം മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചുണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഹര്‍ജിയില്‍ പറയുന്നു.