ലണ്ടന്‍: ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിലയം ഭൂമിയില്‍ പതിക്കും.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ടിയാന്‍ഗോങ്-1 പ്രധാന നഗരങ്ങളിലെവിടെയെങ്കിലുമാകും പതിക്കുക. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിംഗ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ ശാസ്ത്രജഞര്‍ വിലയിരുത്തുന്നു.

നിലയം ഭൂമിയില്‍ പതിക്കുന്ന ദിവസവും സമയവുമൊന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ അനിശ്ചിതത്വങ്ങള്‍ ബാക്കിയാണെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. അതേസമയം പ്രധാന നഗരങ്ങളിലുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയിലെത്താനെടുക്കുന്ന സമയം കൊണ്ട് നിലയം എരിഞ്ഞുതീര്‍ന്ന് തീരെ ചെറുതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.