തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രദര്‍ശനം ഉടന്‍ നടത്തില്ലെന്ന് യേശുദാസ്. ഇത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയോ, പ്രേരണയിലോ ഉള്ള നിലപാടല്ലെന്നും ദൈവഭയം കൊണ്ടാണെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീത കച്ചേരിക്കിടയില്‍ അദ്ദേഹം പറഞ്ഞു.
ഗുരുവായൂരപ്പനെ ഇതുവരെ തൊഴാന്‍ കഴിഞ്ഞിട്ടില്ല. അന്ന് ഏറെ ആഗ്രഹം തോന്നിയിട്ടും നടക്കാതിരുന്നപ്പോള്‍ വിഷമമുണ്ടായിരുന്നു. ഒന്നു തൊഴാന്‍ കഴിഞ്ഞില്ലല്ലോ എന്ന്. ഗുരുവായൂരപ്പനെ ദര്‍ശിക്കാതെ കൃഷ്ണന്റെ മറ്റ് ക്ഷേത്രങ്ങളില്‍ പോകേണ്ടെന്ന് പിന്നീട് ഒരു ശാഠ്യമുണ്ടായി.എന്നിട്ടും അതിനിടയില്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ ഒരുതവണ ഉഡുപ്പിയില്‍ കൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകേണ്ടിവന്നു. അത് നടത്താന്‍ വിഷമമുണ്ടായിരുന്നു.എന്നാല്‍ സുഹൃത്തിനെ മുഷിപ്പിക്കാനും മനസ് വന്നില്ല. മൂകാംബികയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അത്. എന്നാല്‍ അന്ന് ഒരു അത്ഭുതമുണ്ടായി അവിടെ. കൃഷ്ണഭഗവാന്‍ ഉഡുപ്പിയില്‍ ദര്‍ശനം നല്‍കിയത് ശ്രീരാമന്റെ രൂപത്തില്‍ അലങ്കാരഭാവത്തോടെയാണ്. അത് ഒരു നിമിത്തമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.
പദ്മനാഭസ്വാമി ക്ഷേത്രമെന്നല്ല ഒരിടത്തും ഇടിച്ചുകയറി ചെല്ലേണ്ടതല്ല. ഭഗവാന്‍ വിളിക്കും അപ്പോള്‍ പോകണം എന്നാണ് തോന്നല്‍. അല്ലെങ്കില്‍ ശരിയാകില്ല. ഇത് വാട്ട്‌സ് ആപ്പ് കണ്ടിട്ടോ, എന്തെങ്കിലും മെസേജിന്റെ പ്രേരണയാലോ അല്ല. ഒരു പേടിയാണ്. മനസില്‍. വിളിക്കുന്നത് വരെ കാത്തിരിക്കും. മനസില്‍ തോന്നലുണ്ടാകുമ്പോള്‍ പദ്മനാഭസന്നിധിയിലെത്തി ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് അച്ഛന്‍ പറഞ്ഞുതന്ന കഥയുണ്ട്. നമ്പൂതിരി ഒരു ആടുമായി പോകുമ്പോള്‍ നാലുപേര്‍ കൂട്ടമായി നിന്ന് മാറിമാറി സംസാരിച്ച് അതിനെ പട്ടിയാക്കുകയും നമ്പൂതിരിയെ കൊണ്ട് അതിനെ കളയിപ്പിക്കുകയും ചെയ്ത കഥ. അതൊരു ശക്തിയും ഉപദേശവുമാണ്. അദ്ദേഹം പറഞ്ഞു.