[/author[author image=”https://scontent-sin6-2.xx.fbcdn.net/v/t1.0-9/20766_100992533264829_5673689_n.jpg?oh=02b94185350a9c250ee79eecb7da5f6c&oe=5A647557″ ] നിസാര്‍ മുഹമ്മദ് [/author]]


പുറത്തേക്കുള്ള വാതില്‍ തുറന്ന്:- ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാനായി എ.കെ.ജി സെന്ററിലെത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഫോട്ടോ: ജിനല്‍കുമാര്‍

തിരുവനന്തപുരം: കായല്‍ കയ്യേറി ആഡംബര റിസോര്‍ട്ട് നിര്‍മ്മിക്കുകയും ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് ഭൂമി കൈവശപ്പെടുത്തുകയും ചെയ്ത ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന മുന്നറിയിപ്പ് നല്‍കിയ ഇടതുമുന്നണി യോഗം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് പന്ത് പിണറായി വിജയന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ടു. അതിരൂക്ഷമായ വാഗ്വാദങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവിലാണ് മുന്നണി യോഗം ഈ തീരുമാനത്തിലെത്തിയത്. മന്ത്രിയെ പുറത്താക്കാതെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനെതിരെ സി.പി.ഐയുടെയും ജനതാദളിന്റെയും ശക്തമായ വിയോജിപ്പ് യോഗത്തില്‍ അലയടിച്ചു. എന്‍.സി.പി നേതാക്കളോട് ‘ഇനിയും ഈ മന്ത്രിയെ ചുമക്കാന്‍ നാണമില്ലേ’ എന്നുവരെ ചോദ്യമുയര്‍ന്നതിന് ശേഷമാണ് തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന പൊതുവികാരം രൂപപ്പെട്ടത്. ഇനി, തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

കായല്‍ കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതുവരെ സമയം നല്‍കണമെന്ന് എന്‍.സി.പി വാദിച്ചെങ്കിലും വിലപ്പോയില്ല. കളക്ടര്‍ക്കെതിരെ അങ്ങനെയൊരു ഹര്‍ജി നല്‍കിയത് തന്നെ സര്‍ക്കാരിനെതിരെയുള്ള മന്ത്രിയുടെ വെല്ലുവിളിയാണെന്നും വിധി അനുകൂലമായാലും പ്രതികൂലമായാലും മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഒരടി പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്നും സി.പി.ഐ ആഞ്ഞടിച്ചു. ഇനിയും തീരുമാനം നീണ്ടാല്‍ പുറത്ത് പ്രതികരിക്കേണ്ടി വരുമെന്ന് തുറന്നുപറയുകയും ചെയ്തു. ഇതോടെ രാജിയല്ലാതെ പോംവഴിയില്ലെന്ന് പിണറായി വിജയന്‍ എന്‍.സി.പി നേതൃത്വത്തെ ധരിപ്പിച്ചു. ഇതിന് മറുപടിയായി, 14-ന് ചേരുന്ന എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയില്‍ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. ഇക്കാര്യം ഇടതുമുന്നണി കണ്‍വീനര്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്ന് ധാരണയുണ്ടായെങ്കിലും വൈക്കം വിശ്വന്‍ ആ ‘ഉത്തരവാദിത്വത്തില്‍’ നിന്ന് ഒഴിഞ്ഞുമാറി. പകരം, മന്ത്രിയുടെ രാജിക്കാര്യം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്ന് പത്രക്കുറിപ്പ് ഇറക്കി ഇടതുമുന്നണി തല്‍ക്കാലം തലയൂരി. അതേസമയം, താന്‍ രാജിവെയ്ക്കണമെന്ന അഭിപ്രായം മുന്നണി യോഗത്തിലുണ്ടായില്ലെന്നും അതെല്ലാം മാധ്യമങ്ങളുടെ കള്ളത്തരങ്ങളാണെന്നും ആവര്‍ത്തിക്കുകയാണ് തോമസ് ചാണ്ടി.

ജില്ലാ കളക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ടുകളും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശവും എതിരായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇത് പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉന്നമിട്ടുള്ള ചോദ്യമായിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എന്‍.സി.പിയുടേതല്ലേയെന്ന മറുചോദ്യമായിരുന്നു സി.പി.എമ്മിന്റെ മറുപടി. ഏതെങ്കിലും പാര്‍ട്ടി അവരുടെ മന്ത്രിയെ വേണ്ടെന്ന് വെയ്ക്കുമോയെന്ന യുക്തി ചൂണ്ടിക്കാട്ടി ജനതാദള്‍ നേതാവ് കൃഷ്ണന്‍കുട്ടിയും സി.പി.എമ്മിനെതിരെ തിരിഞ്ഞു. തോമസ് ചാണ്ടി കോടതിയില്‍ നല്‍കിയ ഹര്‍ജി മറയാക്കി പ്രതിരോധിക്കാനാണ് എന്‍.സി.പി നേതാക്കള്‍ ശ്രമിച്ചത്. മാധ്യമങ്ങളുടെ അജണ്ട നടപ്പാക്കി, തോമസ് ചാണ്ടിയെ കുറ്റക്കാരനാക്കി, മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയാണോയെന്ന് മുന്നണി യുക്തിസഹമായി ആലോചിക്കണമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. നേരത്തെ മാധ്യമങ്ങളുടെ കെണിയില്‍ വീണ് ഒരു മന്ത്രിയെ രാജിവെപ്പിക്കേണ്ടി വന്ന സാഹചര്യം പാര്‍ട്ടിക്ക് മുന്നിലുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ കോടതി വിധിക്ക് കാക്കുകയാണ് ഉചിതമെന്നും പീതാംബരന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ തീരൂവെന്നും സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ ആരായാലും സംരക്ഷിക്കാന്‍ സി.പി.ഐക്ക് കഴിയില്ലെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

മന്ത്രി രാജിവെയ്ക്കണമെന്ന പൊതുവികാരമാണ് യോഗത്തിന്റേതെന്ന് പറഞ്ഞ പന്ന്യന്‍ രവീന്ദ്രനോട്, ‘അത് പറയാന്‍ നിങ്ങളാരാണെന്ന’ ധിക്കാര മറുപടിയായിരുന്നു തോമസ് ചാണ്ടിയുടേത്. മന്ത്രിയുടെ ഈ നടപടി അതിരുകടന്നുവെന്ന് ശാസിച്ച പിണറായി വിജയന്‍, മന്ത്രിമാര്‍ മര്യാദ പാലിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കേസ് കോടതിയിലല്ലേയെന്ന് ആവര്‍ത്തിക്കാന്‍ ശ്രമിച്ച തോമസ് ചാണ്ടിയോട്, അക്കാര്യം ഇനി വിശദീകരിക്കേണ്ടെന്ന് കാനവും വ്യക്തമാക്കി. ജനതാദളിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി മാത്യു ടി തോമസും പെട്ടെന്ന് തോമസ് ചാണ്ടിക്കെതിരെ തിരിഞ്ഞു. വിവേകം കൈവിട്ട് മന്ത്രിസ്ഥാനം ത്യജിക്കേണ്ടി വന്ന ഒരുപാട് ഉദാഹരണങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങള്‍ പലവഴിക്ക് നീങ്ങിയതോടെ മുഖ്യമന്ത്രി ഇടപെട്ടു. കോടതിവിധിയുടെയല്ല, എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. നിയമോപദേശം വന്നതിന് പിന്നാലെ എന്‍.സി.പി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കരുതിയതെന്നും ഇനി നീട്ടിക്കൊണ്ടു പോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞ് അവസാനിപ്പിച്ചാണ് യോഗം പിരിഞ്ഞത്.