[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ് [/author]
തിരുവനന്തപുരം: നിയമസഭയില്‍ പ്രഖ്യാപിച്ചത് പോലെ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് തോമസ് ചാണ്ടി വീട്ടിലിരിക്കുമോ?. അതോ കായലും ഭൂമിയും കയ്യേറിയ മന്ത്രിക്ക് അറബിക്കടല്‍ കൂടി മണ്ണിട്ടു നികത്താനുള്ള അവസരം ലഭിക്കുമോ?. ഇന്നലെ രാവിലെ മുതല്‍ തലസ്ഥാനത്ത് പടര്‍ന്ന അഭ്യൂഹങ്ങളില്‍ ചിലത് ഇങ്ങനെയായിരുന്നു. ഇടതുമുന്നണി യോഗം ചേരുന്നതിന് മുമ്പേ നേതാക്കള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ പലവഴിക്ക് നീങ്ങിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കനം വെച്ചത്. ഒടുവില്‍, ഇടതുമുന്നണി യോഗം പിരിഞ്ഞതോടെ ഒരുകാര്യം വ്യക്തമായി; തോമസ് ചാണ്ടിക്ക് ഇന്നലെ കറുത്ത ഞായറാഴ്ചയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും രാവിലെ കൂടിക്കാഴ്ച നടത്തി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്തു. പക്ഷെ തീരുമാനമെന്തെന്ന് പുറത്തറിഞ്ഞില്ല. സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവരും വേറെ ചര്‍ച്ച നടത്തി. മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു നിലപാടും മുന്നണി യോഗത്തില്‍ വേണ്ടെന്ന നിലപാടിലുറച്ചു. കോടതി വിധി വരുന്നതുവരെ സാവകാശം ചോദിക്കാമെന്ന ഉറച്ച തീരുമാനമായിരുന്നു എന്‍.സി.പി നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. എതിര്‍പ്പുണ്ടെങ്കിലും എ.കെ ശശീന്ദ്രന് അത് പുറത്തുകാണിക്കാതെ പീതാംബരന് മാസ്റ്ററുടെ നിലപാടിനൊപ്പം നിന്നു. ചാണ്ടിയൊഴിഞ്ഞിട്ട് മന്ത്രിയാകാന്‍ കാത്തിരിക്കുന്നയാളെന്ന ചീത്തപ്പേര് വേണ്ടെന്ന് ശശീന്ദ്രന് അടുപ്പമുള്ളവരോട് പറഞ്ഞു. പക്ഷെ മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസൃതമായി മന്ത്രിസ്ഥാനം വലിച്ചെറിയേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് അദ്ദേഹം പരിതപിക്കുകയും ചെയ്തു.
സി.പി.ഐയുടെ അതേനിലപാട് തന്നെയായിരുന്നു ജനതാദള്‍ നേതാക്കള്‍ക്കും. അവരുടെ വര്‍ത്തമാനങ്ങളില്‍ ചാണ്ടിക്കെതിരായ വികാരം നിഴലിച്ചു നിന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ പോലും ചാണ്ടിയെ ഇനി നമ്പാന്‍ കൊള്ളില്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് നമ്മളായിട്ട് പുലിവാല് പിടിക്കേണ്ടെന്നായിരുന്നു മാത്യു ടി തോമസ്, കൃഷ്ണന്‍കുട്ടി എന്നിവരുടെ വാദം. ഇതിനിടെ ഈ നേതാക്കളില്‍ പലരെയും തോമസ് ചാണ്ടി നേരിട്ടു കണ്ടു. ‘ഏഷ്യാനെറ്റി’ന്റെ കെണിയാണിതെന്ന് നേതാക്കളെ വിശ്വസിപ്പിക്കാനായി ചാണ്ടി നെട്ടോട്ടമോടി. രാവിലെ തന്നെ എ.കെ.ജി സെന്ററില്‍ എത്തിയ മന്ത്രി, സി.പി.എം നേതാക്കളെ നേരില്‍ക്കണ്ടും കുശലം പറഞ്ഞും അന്തരീക്ഷം അനുകൂലമാക്കാനുള്ള ശ്രമത്തിലായിരുന്നു.
മുന്നണി യോഗത്തിന് മുന്നോടിയായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പീതാംബരന് മാസ്റ്റര്‍ ഒരുകാര്യം കൂടി മുന്നോട്ടുവെച്ചു. അഥവാ മുന്നണി തീരുമാനം ചാണ്ടിക്ക് എതിരാണെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്ന നിലയുണ്ടാകരുത്. ഹണിട്രാപ്പില്‍ കുടുങ്ങി രാജിവെയ്ക്കേണ്ടിവന്ന എ.കെ ശശീന്ദ്രന് കേസില്‍ കുറ്റവിമുക്തനാകുന്ന മുറയ്ക്ക് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കണം. പരാതിക്കാരി ഇടപെട്ട് കോടതിയില്‍ നിന്ന് കേസ് പിന്‍വലിച്ചാലും ആ കേസിന്മേലുള്ള കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുന്നതുവരെ ശശീന്ദ്രന്റെ മന്ത്രിപദത്തെക്കുറിച്ച് ആലോചിക്കുന്നതിലെ അനൗചിത്യം സി.പി.എം പറയാതെ പറഞ്ഞു. ഫലത്തില്‍, തോമസ് ചാണ്ടി പുറത്തുപോയാല്‍ എന്‍.സി.പിക്ക് മന്ത്രിപദവി അകലെയാണെന്ന സന്ദേശമാണ് രൂപപ്പെട്ടത്. അങ്ങനെയെങ്കില്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന വെല്ലുവിളി ടി.പി പീതാംബരന് മാസ്റ്റര്‍ ഉറക്കെപ്പറഞ്ഞു.
കായല്‍ കയ്യറ്റ വിഷയത്തില്‍ സി.പി.ഐ എടുത്ത നിലപാടിനെ രൂക്ഷമായാണ് എന്‍.സി.പി വിമര്‍ശിച്ചത്. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് പണ്ടും ഇല്ലെന്ന് പറഞ്ഞ കാനം, ജനരക്ഷായാത്രയ്ക്കിടെ നടത്തിയ വെല്ലുവിളിയാണ് ചാണ്ടിയുടെ കുഴി തോണ്ടിയതെന്നും വ്യക്തമാക്കി. കായല്‍ കയ്യേറിയെന്ന ആരോപണം പുകമറയാണെന്നും ഇപ്പോഴും അത് തെളിയിക്കാനായിട്ടില്ലെന്നും തോമസ് ചാണ്ടി വികാരാധീനനായി. ”മുഖ്യമന്ത്രി തന്നോട് രാജി ആവശ്യം സൂചിപ്പിച്ചിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ല”-തോമസ് ചാണ്ടി പറഞ്ഞു. പക്ഷെ ആ നമ്പറില്‍ സി.പി.ഐയും ജനതാദളും വീണില്ല. മുന്നണി യോഗം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലേക്ക് അവര്‍ പിന്‍ചുവട് വെച്ചു.
ഇന്നലെ മാധ്യമങ്ങള്‍ക്ക് പിടിപ്പത് പണിയായിരുന്നു. എ.കെ.ജി സെന്റര്‍, എം.എല്‍.എ ഹോസ്റ്റല്‍, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതി എന്നിവിടങ്ങളിലേക്ക് മാറിമാറിയോടി പത്രക്കാര് തളര്‍ന്നു. മന്ത്രിയുടെ രാജി ഇന്നുണ്ടാകുമോയെന്നതായിരുന്നു അവര്‍ നേതാക്കളില്‍ ഓരോരുത്തരോടും ചോദിച്ചത്. പക്ഷെ ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനായില്ല. ഇതിനിടെ, എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായും കോടിയേരിയുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍. രാവിലെ തോമസ് ചാണ്ടിയുടെ വീട്ടിലെത്തിയ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും മാണിക്ക് പിന്തുണയുമായി രംഗത്തെത്തി. അവര്‍ അക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു.
ഇടതുമുന്നണി യോഗം അവസാനിക്കുന്നതുവരെ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പലതു പടര്‍ന്നു കൊണ്ടേയിരുന്നു. രണ്ടുദിവസത്തിനൊടുവില്‍ ചാണ്ടി രാജിവെയ്ക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന. പക്ഷെ, ‘ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് വീട്ടിലിരിക്കാമെന്ന’ നിയമസഭയിലെ വാഗ്ദാനം തോമസ് ചാണ്ടി പാലിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.