തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി സദാശിവം. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ബോര്‍ഡിന്റെ മൂന്നു വര്‍ഷത്തെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതിനായിരുന്നു ഓര്‍ഡിനന്‍സ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ശബരിമല വിഷയത്തില്‍ ഉറച്ചനിലപാടെടുത്തതിന്റെ പ്രതികാര നടപടിയായാണ് സര്‍ക്കാര്‍ കാലാവധി വെട്ടിക്കുറച്ചതെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കാത്തതിനാല്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രയാര്‍ പങ്കെടുത്തിരുന്നു. ഓര്‍ഡിനന്‍സ് മടക്കണമെന്ന് കോണ്‍ഗ്രസും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.