ന്യൂഡല്‍ഹി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജോയ് ഘോഷ് രാജിവച്ചു.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ജൂറി അറിയാതെ ഒഴിവാക്കിയത്. സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
നവംബര്‍ ഒമ്പതിന് ഇന്ത്യന്‍ പനോരമയിലേക്കുള്ള ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ അന്തിമ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ജൂറി തിരഞ്ഞെടുത്തിരുന്ന 24 ചിത്രങ്ങളില്‍ മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും വി ജാദവ് സംവിധാനം ചെയ്ത ന്യൂഡും ജൂറി അറിയാതെ കേന്ദ്രം പട്ടികയില്‍ നിന്നും മാറ്റിയതിനെ തുടര്‍ന്നായാണ് രാജി. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള.