തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ഭാവിയില്‍ ബിജെപിക്കാര്‍ പശുദിനമായി ആചരിക്കാനാണ് സാധ്യതയെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍. നെഹ്രു സെന്ററിന്റെ നേതൃത്വത്തില്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച നെഹ്രു ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്രു കുട്ടികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നതെങ്കില്‍ നരേന്ദ്രമോഡി പശുക്കളെ സ്നേഹിക്കുകയും ആരാധിക്കുകയുമാണ് ചെയ്യുന്നത്. രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദര്‍ശങ്ങളില്‍ നിന്ന് കാതങ്ങള്‍ അകലെയാണ് പ്രധാനമന്ത്രി മോഡിയുടെ നിലപാടുകള്‍. ജവഹര്‍ലാല്‍ നെഹ്രു ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസവും, മതേതരത്വവും, ജനാധിപത്യവും വെല്ലുവിളി നേരിടുന്നു എന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച നെഹ്രു ജയന്തി ആഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഓണക്കൂര്‍, എം.ആര്‍.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിബേറ്റിംഗ് കോമ്പറ്റിഷനില്‍ യൂണിവേഴ്സിറ്റി കോളേജും, ദേശഭക്തിഗാന മത്സരത്തില്‍ ഹോളി എയ്ഞ്ചല്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും വിജയികളായി.