മുംബൈ: ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് ബാങ്ക് മോഷണം. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് ലോക്കറില്‍ നിന്ന് നാല്പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കള്‍ ടണല്‍ നിര്‍മിച്ച് കൊള്ളയടിച്ചത്.

തുരങ്കത്തിലൂടെയാണ് മോഷ്ടാക്കള്‍ ലോക്കര്‍ മുറിയിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. 225 ലോക്കറുകളുള്ളതില്‍ 30 എണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്.

സിനിമാക്കഥകളെ വെല്ലുന്ന മോഷണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ലോക്കറില്‍ നിന്ന് നാല്പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്.

ബാങ്കിന് അല്പം സമീപത്തുള്ള കടമുറി വാടകയ്‌ക്കെടുത്ത് സംഘം അവിടെ നിന്നും മോഷണത്തിനായി ബാങ്കിനുള്ളിലേക്ക് തുരങ്കം നിര്‍മ്മിച്ച് കടക്കുകയായിരുന്നു.

ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.