തിരുവനന്തപുരം: കേരള പൊലീസ് ആവിഷ്‌കരിച്ച വനിതാ സ്വയംപ്രതിരോധ പരിശീലനത്തിന്റെ രണ്ടാംഘട്ട മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിന് തുടക്കമായി. തിരുവനന്തപുരം എസ്എപിയില്‍ നടന്ന ചടങ്ങില്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി ഷെഫിന്‍ അഹമ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ പോലീസ് ജില്ലകളില്‍ നിന്നും 57 വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ചടങ്ങില്‍ എസ്എപി കമാന്‍ഡന്റ് വി.വി ഹരിലാല്‍, സ്റ്റേറ്റ് വനിതാ സെല്‍ ഡിവൈഎസ്പി സ്വര്‍ണ്ണമ്മ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതിനോടകം കേരളത്തിലെ സ്ത്രീകളും കുട്ടികളും അടക്കം നാലുലക്ഷത്തോളംപേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്.