തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച രാജിക്കത്ത് ഗവരണര്‍ പി. സദാശിവം സ്വീകരിച്ചു. രാജിക്കത്ത് നേരിട്ട് സമര്‍പ്പിക്കാതെ പാര്‍ട്ടി നേതൃത്വത്തെയാണ് മന്ത്രി ഏല്‍പ്പിച്ചത്.
ടി.പി പീതാബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറി. തുടര്‍ന്ന് രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.
തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.