[author ]നിസാര്‍ മുഹമ്മദ്[/author]തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച് അതേസമയത്തു തന്നെ സി.പി.ഐ മന്ത്രിമാര്‍ റവന്യൂ മന്ത്രിയുടെ മുറിയില്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നതോടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തു. ഇത് ‘അസാധാരണ സംഭവ’മാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതോടെ സര്‍ക്കാരിലും ഇടതുമുന്നണിയിലും പ്രതിസന്ധി രൂക്ഷമായി. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സി.പി.ഐ മന്ത്രിമാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയനും, ശരി തെറ്റുകള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന മറുപടിയുമായി റവന്യൂ മന്ത്രിയും പരസ്യമായി ഏറ്റുമുട്ടിയതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും നഷ്ടപ്പെട്ടു. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തെ ചൊല്ലി മുഖ്യമന്ത്രിയും സി.പി.ഐയുമായി ആഴ്ചകളായി തുടര്‍ന്നുവന്ന അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിച്ചാണ് മന്ത്രിസഭാ യോഗ ബഹിഷ്‌ക്കരണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചത്. 
കയ്യേറ്റം കണ്ടെത്തിയ ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിയുടെ നടപടിയെ തുടക്കം മുതലേ സി.പി.ഐ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട തോമസ് ചാണ്ടിയെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ഇന്നലെ സി.പി.ഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ തോമസ് ചാണ്ടിയെ മാറ്റി നിര്‍ത്താനാവില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമായിരുന്നു പിണറായി വിജയന്റെ നിലപാട്. മന്ത്രിസഭാ യോഗത്തിലേക്ക് ചാണ്ടിയെ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതരായ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം തുടങ്ങുന്നതിന് മുമ്പേ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസില്‍ ഒത്തുകൂടി. മന്ത്രിസഭാ യോഗം നടക്കുന്ന ഹാളിന് തൊട്ടുതാഴെയുള്ള മുറിയിലിരുന്ന് മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ് സുനില്‍കുമാര്‍, കെ. രാജു, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഒമ്പതുമണിക്ക് മന്ത്രിസഭാ യോഗം ആരംഭിച്ചപ്പോള്‍ തന്നെ തോമസ് ചാണ്ടി ക്യാബിനറ്റ് മുറിയില്‍ എത്തി.  അതിനാല്‍, ഒരുമണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗം തീരുന്നതുവരെ സി.പി.ഐ മന്ത്രിമാര്‍ റവന്യൂ മന്ത്രിയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. പകരം ആ മുറിയിലിരുന്ന് മന്ത്രിമാര്‍ ചര്‍ച്ച നടത്തുകയും തങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. 
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ മന്ത്രിമാരുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. നാലു മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി, ഇത് ഒരു അസാധാരണ സംഭവമാണെന്നും വ്യക്തമാക്കി. യോഗം തുടങ്ങുന്നതിന് മുമ്പേ സി.പി.ഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന്റെ കത്ത് ലഭിച്ചിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നില്ലെന്നുമാണ് കത്തിലുണ്ടായിരുന്നത്. ഇതൊരു അസാധാരണ സംഭവമാണ്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള ഇടമാണ് മന്ത്രി സഭ. മന്ത്രിയായിരിക്കുന്നിടത്തോളം യോഗത്തില്‍ പങ്കെടുക്കാന്‍ തോമസ്ചാണ്ടിക്ക് അവകാശമുണ്ട്. അതേസമയം ഒരു മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അവരുടെ നിലപാടുകള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. അതിന് സമ്മതിക്കുകയുമില്ല. പിന്നെ മന്ത്രിമാര്‍ എടുക്കുന്ന നിലപാട് പാര്‍ട്ടി തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും. അതിനെ അങ്ങിനെ കണ്ടാല്‍ മതിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 
എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയെ സി.പി.ഐ ന്യായീകരിച്ചു. സി.പി.ഐയുടെ മന്ത്രിമാര്‍ എടുത്ത നിലപാട് ഏതെങ്കിലും ഒരു മന്ത്രിയ്‌ക്കോ എം.എല്‍.എയ്‌ക്കോ വ്യക്തിക്കോ എതിരല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. പ്രശ്‌നാതിഷ്ഠിതമാണ് സി.പി.ഐയുടെ നിലപാട്. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളത് ഉറച്ച നിലപാടാണ്. അത് മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കുകയും ചെയ്തു. ഇതിലെ ശരി തെറ്റുകള്‍ ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ. വ്യക്തികളോടല്ല ചില നിലപാടുകളോടാണ് തങ്ങളുടെ എതിര്‍പ്പെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സി.പി.ഐ മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നുള്ളത് മാധ്യമങ്ങളുടെ സൃഷ്ടിമാത്രമാണ്. അസാധാരണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അതൃപ്തിയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉപാധികളോടെയുള്ള രാജി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. ഏതായാലും, ഇന്നലത്തെ സംഭവ വികാസങ്ങളിലൂടെ സംസ്ഥാനത്തുണ്ടായ ഭരണഘടനാ പ്രതിസന്ധി ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.