[author ]നിസാര്‍ മുഹമ്മദ്[/author] ‘ലോക ഗുസ്തി ചാമ്പ്യന്‍ പഴത്തൊലിയില്‍ ചവിട്ടി തെന്നിവീണു മരിച്ചു’വെന്ന പരിഹാസം ഓര്‍മ്മിപ്പിക്കുന്നതാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി. ആരൊക്കെ വിചാരിച്ചാലും താന്നെ രാജിവെപ്പിക്കാന്‍ കഴിയില്ലെന്ന് വീമ്പിളക്കിയ ‘കായല്‍ രാജാവിന്’ ഒടുവില്‍ പണികിട്ടി. മന്ത്രി പദവി രാജിവെച്ചതു കൊണ്ട് തീര്‍ന്നില്ല. ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് വീട്ടിലിരിക്കാമെന്ന ചാണ്ടിയുടെ വാഗ്ദാനം പാലിക്കപ്പെടുമോയെന്നതാണ് ഇനിയുള്ള ചോദ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് നിയമസഭയില്‍ തോമസ് ചാണ്ടി പ്രഖ്യാപിച്ച രണ്ടു വാഗ്ദാനങ്ങളും പാലിക്കണമെന്നാണ് ആവശ്യമുയരുന്നത്. കുറ്റം തെളിഞ്ഞതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടി എം.എല്‍.എ സ്ഥാനം കൂടി രാജിവെയ്ക്കുമോയെന്നതാണ് പ്രധാന ചോദ്യം. മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടും തോമസ് ചാണ്ടിക്ക് പുറത്തുപോകേണ്ടി വന്നത് അദ്ദേഹം സ്വീകരിച്ച ധാര്‍ഷ്ട്യവും വെല്ലുവിളികളും നിറഞ്ഞ നിലപാടുകളായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതല്‍ അദ്ദേഹം സര്‍ക്കാരിനെയും ഘടകകക്ഷികളെയും പ്രതിപക്ഷത്തെയും മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വെല്ലുവിളിക്കുന്ന നിലപാടാണ് തുടര്‍ന്നത്. ഓഗസ്റ്റ് മാസത്തില്‍ കായല്‍ കയ്യേറ്റം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും അദ്ദേഹം വെല്ലുവിളി തുടര്‍ന്നു. ഈ ഘട്ടത്തിലാണ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ചു ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു റവന്യൂ വകുപ്പും അന്വേഷണം തുടങ്ങിയത്. ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണം ആലപ്പുഴ നഗരസഭയും അന്വേഷിക്കാന്‍ തീരുമാനിച്ചു. തൊട്ടുപിന്നാലെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിലം നികത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കളക്ടര്‍ ടി.വി. അനുപമയ്ക്കു നഗരസഭാധികൃതര്‍ കത്തുനല്‍കി. സെപ്റ്റംബര്‍ പത്തിന്, ലേക്ക് പാലസ് റിസോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.
സെപ്റ്റംബര്‍ 22നാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ടി.വി അനുപമ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ലേക്ക് പാലസ് റിസോര്‍ട്ടിനടുത്തു പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചതു കായല്‍ നികത്തിയാണ്. ഇതു ഭൂനിയമ ലംഘനമാണ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ‘വാട്ടര്‍ വേള്‍ഡ് ‘കമ്പനിയാണു റിസോര്‍ട്ട് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടുപിന്നാലെ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തി. ഒരുമാസത്തിന് ശേഷം മന്ത്രിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി, മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്കു കയ്യേറി നിലം നികത്തി. ഇവിടെ അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകള്‍ മണ്ണിട്ടു നികത്തിയപ്പോള്‍ ഇടയിലുള്ള ഒന്നര മീറ്റര്‍ സര്‍ക്കാര്‍ റോഡും നികത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസിനു സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എ.ജി സുധാകര പ്രസാദില്‍ നിന്ന് നിയമോപദേശത്തിന് ഒരുങ്ങുകയായിരുന്നു സര്‍ക്കാര്‍. ഇതിന് പിന്നാലെ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടു. കായല്‍ കയ്യേറ്റ കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം എ.ജി തള്ളി. റവന്യു വിഷയങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തല്ലെന്നും കേസ് സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യുമെന്നും എ.ജി അറിയിച്ചു. എന്നാല്‍ കേരളമാണ് തന്റെ തറവാടെന്നും വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞതോടെ വിവാദം കത്തിപ്പടര്‍ന്നു.
ജനരക്ഷായാത്രയയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കാനം രാജേന്ദ്രനെ വേദിയിലിരുത്തി നടത്തിയ വെല്ലുവിളിയാണ് തോമസ് ചാണ്ടിക്ക് കൂടുതല്‍ കുരുക്കായത്. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നും അന്വേഷണ സംഘത്തിന് തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലുമാകില്ലെന്നുമായിരുന്നു വെല്ലുവിളി. മന്ത്രിയുടെ നിലപാടിലുള്ള അതൃപ്തി സി.പി.ഐ പ്രകടിപ്പിച്ചത് അതിരൂക്ഷമായ ഭാഷയിലായിരുന്നു. തൊട്ടടുത്ത ദിവസം വെല്ലുവിളി നടത്തിയ തോമസ് ചാണ്ടിക്കു മുഖ്യമന്ത്രിയുടെ ശാസന. എങ്ങനെയെങ്കിലും പൊല്ലാപ്പുതീര്‍ക്കാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിച്ചു സ്വയം കുഴികുത്തി ചാടുകയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് വിലക്കും കല്‍പ്പിച്ചു.
ഇതിനിടെ, നിലംനികത്തി റോഡ് നിര്‍മിച്ചെന്ന ആരോപണത്തെക്കുറിച്ചു ത്വരിതാന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോടു കോട്ടയം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്ക്പാലസ് റിസോര്‍ട്ടിലേക്കു കരിവേലില്‍ പാടശേഖരത്തിലൂടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചെന്ന പരാതിയിലായിരുന്നു ഉത്തരവ്. നവംബര്‍ ആറിന്, തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചുവെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും കളക്ടര്‍ ടി.വി അനുപമയുടെ അന്തിമ റിപ്പോര്‍ട്ട് വന്നു. അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. മന്ത്രി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് കളക്ടര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനം തുടര്‍ന്നു.
തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രക്ക് കത്തു നല്‍കിയതോടെ മന്ത്രി വീണ്ടും കുരുക്കിലായി. തൊട്ടുപിന്നാലെ, തോമസ് ചാണ്ടിയുമായി പിണറായിയുടെ അപ്രതീക്ഷിത ചര്‍ച്ച. ആരോപണങ്ങളുമായി ബന്ധപ്പെട്ടു തന്റെ ഭാഗം വ്യക്തമാക്കുന്ന ചില രേഖകള്‍ ചാണ്ടി മുഖ്യമന്ത്രിക്കു കൈമാറി. നവംബര്‍ എട്ടിന് കോടതി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സര്‍ക്കാരും പ്രതിക്കൂട്ടിലായി. ‘സാധാരണക്കാരന്റെ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാര്‍ നടപടി തിടുക്കത്തിലുണ്ടാവില്ലേ? റോഡുവക്കില്‍ താമസിക്കുന്നവരാണെങ്കില്‍ ബുള്‍ഡോസര്‍ വച്ച് ഇടിച്ചുനിരത്തില്ലേ? നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്‍മാരാണ്’ എന്നിങ്ങനെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി കോടതിയെ സമീപിക്കുന്നതായിരുന്നു അടുത്ത കാഴ്ച. റിപ്പോര്‍ട്ട് നിയമവിരുദ്ധമെന്നും സ്വേച്ഛാപരമെന്നും വ്യക്തമാക്കിയ തോമസ് ചാണ്ടി, അപ്രസക്തമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 11-ന് മന്ത്രിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ല. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോ വേണ്ടയോയെന്നതു സര്‍ക്കാരിനു തീരുമാനിക്കാമെന്നും എ.ജി സൂചിപ്പിച്ചു. തൊട്ടടുത്ത ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം, മന്ത്രി തോമസ് ചാണ്ടി രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുത്ത് അറിയിക്കണമെന്ന് എന്‍.സി.പിയോടു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അന്നുരാത്രി മാധ്യമങ്ങളെ കണ്ട തോമസ് ചാണ്ടി, രാജിവയ്ക്കാം, പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞേയുള്ളൂവെന്നായിരുന്നു പ്രതികരിച്ചത്.
ഇതിന് പിന്നാലെ സി.പി.ഐയും വി.എസ് അച്യുതാനന്ദനുമടക്കം രംഗത്തുവന്നതോടെ ഇടതുമുന്നണി കലങ്ങി. ഹൈക്കോടതി വിധി വന്നശേഷം രാജിയാകാമെന്ന് എന്‍.സി.പി വ്യക്തമാക്കിയതോടെ അതിനുള്ള സാവകാശം നല്‍കി. എന്നാല്‍ നിയമത്തെ മാനിക്കുന്നെങ്കില്‍ ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നായിരുന്നു കോടതിയില്‍ നിന്നുള്ള പരാമര്‍ശം. ഇത് സര്‍ക്കാരിനും തിരിച്ചടിയായതോടെ രാജി അനിവാര്യമായി. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമങ്ങളാണ് മന്ത്രി നടത്തിയത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സി.പി.ഐ മന്ത്രിമാര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചതോടെ മുഖ്യമന്ത്രിക്ക് ഗത്യന്തരമില്ലാതെ രാജി വാങ്ങേണ്ടി വന്നു.