ബെയ്ജിങ്: ദാരിദ്ര്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ക്രിസ്ത്യാനികള്‍ക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ക്രിസ്ത്യാനി വീടുകളില്‍ കര്‍ത്താവിനു പകരം ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

2020നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സിപിസി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുകളില്‍ ക്രിസ്തുവിനു പകരം ഷീയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടതായാണു വിവരം. ക്രിസ്തുവിന്റെ ചിത്രങ്ങള്‍, സുവിശേഷ വാക്യങ്ങള്‍, കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശമെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.മാവോ സെതുങ്ങിന്റേതു പോലെ വീടുകളില്‍ ഷീയുടെ ചിത്രം സ്ഥാപിക്കുകയാണു പാര്‍ട്ടിയുടെ ലക്ഷ്യം.

എന്നാല്‍ തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഫലമായി അറുനൂറോളം വരുന്ന ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍നിന്ന് മോചിതരായെന്നാണ് സിപിസിയുടെ അവകാശവാദം. വീടുകളിലുണ്ടായിരുന്ന മതഗ്രന്ഥങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ മാറ്റി പ്രസിഡന്റിന്റെ 453 ചിത്രങ്ങളാണ് സ്ഥാപിച്ചത്. അടുത്ത മാര്‍ച്ചുവരെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരണം നടത്താനാണു തീരുമാനം. ദാരിദ്ര്യം തുടച്ചുനീക്കുന്നതിനു സര്‍ക്കാര്‍ എന്തൊക്കെ ചെയ്തതെന്നു ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തി. ഷീ ചെയ്ത കാര്യങ്ങളും അവരോടു വ്യക്തമാക്കും.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പല കുടുംബങ്ങളും പട്ടിണിയിലേക്കു തള്ളപ്പെടുന്നത്. കര്‍ത്താവ് അസുഖങ്ങള്‍ മാറ്റുമെന്നാണ് ചിലര്‍ കരുതുന്നതെന്നു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ചുമതലയുള്ള ക്വി യാന്‍ പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഷീക്കും മാത്രമേ നിങ്ങളെ സഹായിക്കാന്‍ കഴിയൂവെന്നു ഞങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കി. അറിവല്ലാത്തവരാണ് ഇവരില്‍ പലരും. ദൈവമാണ് രക്ഷകനെന്നാണ് കരുതുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ അവരെ രക്ഷിക്കാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്വി യാന്‍ വ്യക്തമാക്കി.