ഐ.എസ്.എല്‍ ടിക്കറ്റ് മുഴുവന്‍ ഓണ്‍ലൈനില്‍ വിറ്റത് കരിഞ്ചന്ത ലക്ഷ്യമിട്ടാണോയെന്ന്
അന്വേഷണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഓണ്‍ലൈനിലൂടെ വിറ്റുപോയെന്നാണ് സംഘാടകരുടെ ഭാഷ്യം.കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കൗണ്ടറുകളിലൂടെ ടിക്കറ്റ് വില്‍പ്പനയുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആരാധകര്‍ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ 39,000 ടിക്കറ്റുകളില്‍ 174 ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നായിരുന്നു സംഘാടകരുടെ നിലപാട്. ഇതിനെതിരെ കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന മത്സരത്തിന്റെ വാണിജ്യ സാധ്യത മുന്‍കൂട്ടി കണ്ട് വന്‍ ലോബികള്‍ ടിക്കറ്റ് മുഴുവന്‍ ഓണ്‍ലൈനിലൂടെ വാങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതോടെ ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ അറിയാത്ത സാധാരണക്കാര്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചില ഏജന്‍റുമാര്‍ 240 രൂപയുടെ ടിക്കറ്റുകള്‍ ആയിരത്തിലധികം രൂപയ്‌ക്ക് മറിച്ച് വിറ്റെന്നും ആരോപണമുണ്ട്.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലെ കൃത്യമായ വിശദീകരണം ഐ.എസ്.എല്‍ സംഘാടകരും എറണാകുളം ജില്ലാ കളക്ടറും രണ്ടാഴ്ചക്കകം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസ് ഡിസംബര്‍ ആറിന് പരിഗണിക്കും.