[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ്[/author]
- സി.പി.ഐയുടേത് അപക്വ നടപടിയെന്ന് സി.പി.എം
- അത് നിശ്ചയിച്ചുറപ്പിച്ച നടപടി തന്നെയെന്ന് സി.പി.ഐ
- 1964-ന് സമാന സാഹചര്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സി.പി.എം-സി.പി.ഐ തര്‍ക്കം അസാധാരണമായ നിലയിലേക്ക് വളര്‍ന്നതോടെ ഇടതുമുന്നണി പിളര്‍പ്പിന്റെ വക്കില്‍. മന്ത്രി രാജിവെച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നടപടികളാണ് സി.പി.ഐ നടത്തുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തുമ്പോള്‍, ആ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന മറുപടിയുമായി സി.പി.ഐയും പരസ്യമായി രംഗത്തെത്തി.
മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ച സി.പി.ഐ മന്ത്രിമാരുടെ നടപടി അപക്വമാണൈന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനം നടത്തിപ്പറഞ്ഞത്. എന്നാല്‍ മനഃപൂര്‍വമുള്ള നടപടിയായിരുന്നു മന്ത്രിസഭാ യോഗ ബഹിഷ്ക്കരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം എഴുതി സി.പി.എമ്മിന്റെ വായടപ്പിച്ചു. എ.കെ.ജി സെന്ററില്‍ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ, അതിന് മറുപടി പറയാന്‍ എം.എന്‍ സ്മാരകത്തില്‍ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും വാര്‍ത്താസമ്മേളനം നടത്തി. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം പറയാതെ പറഞ്ഞ് താറടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കങ്ങള്‍ക്ക് അതേനാണയത്തില്‍ തന്നെ സി.പി.ഐ തിരിച്ചടി നല്‍കിയതോടെ ഇടതുമുന്നണിയും സര്‍ക്കാരും കലങ്ങിമറിയുകയാണ്. സര്‍ക്കാരിനും മുന്നണിക്കും നേതൃത്വം നല്കുന്ന സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് തെരുവിലെത്തിയതോടെ 1964-ലെ പിളര്‍പ്പിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം ഉണ്ടായിട്ടും തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിച്ച നടപടിയാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. എന്നാല്‍, ആ പേര് പറഞ്ഞ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയില്‍ സി.പി.ഐ മന്ത്രിമാര്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത് സി.പി.എമ്മിനെയും ചൊടിപ്പിച്ചു. ഇക്കാര്യത്തെ ചൊല്ലി ഇരുപാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരും മന്ത്രിമാരും പരസ്പരം ചെളിവാരിയെറിയുന്ന കാഴ്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സി.പി.ഐ തുടര്‍ന്നുവന്ന നിലപാടുകളും പരസ്യ പ്രസ്താവനകളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്റേത്. മന്ത്രിസഭാ യോഗത്തിന് ശേഷം തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് ഉറപ്പുണ്ടായിട്ടും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് ദുരുദ്ദേശ്യത്തോടെയായിരുന്നുവെ ന്ന് സി.പി.എം വ്യക്തമാക്കുന്നു. അതിലൂടെ അവര്‍ ലക്ഷ്യമിട്ടത് രാജിയുടെ ക്രെഡിറ്റ് നേടിയെടുക്കുകയെന്നതായിരുന്നു. ഇക്കാര്യങ്ങള്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗവും വിലയിരുത്തിയതോടെ കേരളത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തില്‍ വന്‍ വിള്ളലാണ് വീണിരിക്കുന്നത്.
അതേസമയം, തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്ന വിവരം മുഖ്യമന്ത്രി തങ്ങളെ അറിയിച്ചില്ലെന്നും വീണ്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നുവെന്ന പ്രതീതി ഉണ്ടായതോടെയാണ് പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും സി.പി.ഐ വിശദീകരിക്കുന്നു. മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പാര്‍ട്ടിയാണ്. അക്കാര്യം, കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അതിനാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് സി.പി.ഐയുടെ വാദം. അതേസമയം, മന്ത്രിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നുവെങ്കില്‍ വ്യക്തത ലഭിക്കുമായിരുന്നല്ലോയെന്നാണ് കോടിയേരി ചോദിക്കുന്നത്. ഇത് മനസില്‍ വെച്ചുനടന്നാല്‍ മുഖ്യമന്ത്രി എങ്ങനെയാണ് അറിയുകയെന്നും അദ്ദേഹം ചോദിച്ചു. പകരം, മന്ത്രിസഭാ യോഗം നടക്കുന്ന വേളയിലാണ് അവര്‍ കത്ത് നല്‍കിയത്. ആ സമയം വരെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ച കോടിയേരി സി.പി.ഐയുടെ നടപടി അസാധാരണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
അസാധാരണ സംഭവങ്ങള്‍ ഉണ്ടായാല്‍ അസാധാരണ നടപടികളും ഉണ്ടാകുമെന്നായിരുന്നു ഇതിന് കാനം രാജേന്ദ്രന് നല്കിയ മറുപടി. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സി.പി.ഐയെ നിര്‍ബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്. കഴിഞ്ഞ ദിവസത്തെ കേരളാ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയില്‍ തുടര്‍ന്നുള്ള നിലനില്‍പ്പിന്റെ സാധുതയെയാണ് ചോദ്യം ചെയ്തത്. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നല്കിയ ഹര്‍ജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കാനം വ്യക്തമാക്കി.
തോമസ് ചാണ്ടി രാജിവെയ്ക്കുന്നതിനുണ്ടായ കാലതാമസം സ്വാഭാവികമായിരുന്നുവെന്ന് വിശദീകരിച്ച കോടിയേരി, സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുമുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയെ ചുമതലയേല്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ വിശദാംശങ്ങള്‍ തേടുകയും എന്‍.സി.പിയുടെ നിലപാടിന് അല്‍പ്പനേരം കാത്തിരിക്കുകയും ചെയ്തത് തെറ്റല്ലെന്നും കോടിയേരി വിശദമാക്കി. എന്നാല്‍, മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്നായിരു ന്നു കാനത്തിന്റെ മറുപടി. വസ്തുത അതായിരിക്കെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്ക്കുകയെന്ന അസാധാരണ നടപടിയിലേയ്ക്ക് സി.പി.ഐയെ നയിച്ചതെന്നും കാനം വ്യക്തമാക്കി.
ഏതായാലും, തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സാഹചര്യങ്ങളും അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളും ഇടതുമുന്നണി രാഷ്ട്രീയത്തില്‍ വന്‍ പ്രകമ്പനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പുറമേ ഇതേവിഷയത്തില്‍ മന്ത്രിമാരും പരസ്പരം പോരടിക്കുന്നതാണ് കാഴ്ച. ഈ നില തുടര്‍ന്നാല്‍ മുന്നണിയില്‍ പിളര്‍പ്പ് ആസന്നമാണെന്നാണ് വിലയിരുത്തല്‍.