[author ]അരവിന്ദ് ബാബു[/author]

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയങ്ങളില്‍ കടുത്ത നിലപാടുമായി മൂന്നാറില്‍ രംഗത്തിറങ്ങുന്ന സി.പി.ഐയെ വെട്ടിനിരത്താന്‍ ഭൂസംരക്ഷണസമിതിയുമായി സി.പി.എം രംഗത്തിറങ്ങി. സി.പി.ഐയെ ഒഴിവാക്കിയാണ് സമിതിയുടെ രൂപീകരണം നടന്നിട്ടുള്ളത്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐയുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു നീക്കമെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തു കൊണ്ടാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ പാര്‍ട്ടി തിരിച്ചു വരവിന്റെ പാതയിലാണെന്ന സന്ദേശം നല്‍കിയത്. ഇതോടെ സി.പി.ഐ ഭരണം കയ്യാളുന്ന വകുപ്പുകള്‍ക്കെതിരെ തിരിയാന്‍ സി.പി.എമ്മും തീരുമാനമെടുത്തു കഴിഞ്ഞു.

കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജ്ജിന്റേതടക്കമുള്ള ഭൂമി കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹര്‍ജിയാണ് സി.പി.ഐ നല്‍കിയിട്ടുള്ളത്. കയ്യേറ്റക്കാരെ സഹായിക്കില്ലെന്ന ഇടതുമുന്നണിയുടെ പൊതു നിലപാടിനോട് യോജിച്ചില്ലെങ്കില്‍ മുന്നണിക്കുള്ളില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കാനും പാര്‍ട്ടി മുതിര്‍ന്നേക്കും. ഫലത്തില്‍ നിലവിലുള്ള മുന്നണിയുടെ ഐക്യത്തെ പോലും ബാധിക്കുന്ന നിലപാടിലേക്കാണ് സി.പി.ഐ നീങ്ങുന്നത്. ഹരിത ട്രിബ്യൂണലില്‍ റവന്യൂ വകുപ്പിന്റെ ഭാഗവും വിശദീകരിക്കാനുള്ള അവസരമുണ്ടാക്കി അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയെന്ന തന്ത്രമാവും സി.പി.ഐ പുറത്തെടുക്കുക. ഇതിനെ പ്രതിരോധിക്കാന്‍ ഭൂസംരക്ഷണസമിതിക്ക് കഴിയുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതിന്റെ ഭാഗമായി ആദ്യം മുതല്‍ തന്നെ സി.പി.എം മൂന്നാറിലെ പുതിയ സബ്ബ് കളക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിനു പുറമേ എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സമിതി പത്ത് പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താലിനും ആഹ്വാനം ചെതയ്തിട്ടുണ്ട്.

ജോയ്‌സ് ജോര്‍ജ്ജ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വാദമുയര്‍ത്തുമ്പോഴും നിയമപരമായി ഇത് നിലനില്‍ക്കുന്നതല്ലെന്ന് സി.പി.എമ്മിനും ഉത്തമബോധ്യമുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി റവന്യൂ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ജോയ്‌സിന്റെ ഭൂമി സംബന്ധിച്ച രേഖകളുടെ സാധുതകള്‍ വെളിച്ചത്തു വരികയും ചെയ്യും. നിലവില്‍ മുന്നണിക്കുള്ളില്‍ സ്‌ഫോടനാത്മക അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ നിന്നും പിന്നോട്ട് പോകുമോയെന്നും കണ്ടറിയേണ്ടതുണ്ട്. സി.പി.ഐ നിലപാട് കടുപ്പിക്കുകയാണെങ്കില്‍ ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്ത് സമവായമുണ്ടാക്കിയുള്ള പ്രശ്‌ന പരിഹാരത്തിനാവും സി.പി.എം മുന്‍തൂക്കം നല്‍കുക.