ഇടുക്കി: സിപിഐയ്ക്കും ദേവികുളം സബ്കളക്ടര്‍ക്കും എതിരെ ആഞ്ഞടിച്ച് എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. ജോയ്സ് ജോര്‍ജ് എംപിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ കോപ്പിയടിച്ച് ഐഎഎസ് പാസായ ആളാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

മൂന്നാറില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മൂന്നാര്‍ സംരക്ഷണസമിതി രൂപീകരിച്ചിരുന്നു. റവന്യൂ, വനം വകുപ്പുകളുടെ നടപടികള്‍ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ് സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. ദേവികുളം സബ്കളക്ടര്‍ ജനവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണം. പട്ടയങ്ങള്‍ റദ്ദുചെയ്യുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതിയില്‍ ഉന്നയിക്കപ്പെട്ടത്. സബ്കളക്ടറെ നിയന്ത്രിക്കുന്നത് മറ്റേതോ ശക്തിയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ പൂര്‍ണപിന്തുണയാണ് സമിതിക്കുള്ളത്. സമിതിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുവാനും തീരുമാനമായി. മൂന്നാര്‍ സംരക്ഷണ സമിതി രൂപീകരിച്ചത് സിപിഐ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ലെന്നും സിപിഐ ജില്ലാനേതൃത്വവും അറിയിച്ചു. ഇതോടെ മൂന്നാറില്‍ സിപിഎം-സിപിഐ പോര് മുറുകുകയാണ്.