കൊച്ചി: ഐഎസ്എൽ നാലാം പതിപ്പിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാത്രി കൊച്ചിയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ നേരിടും.
പുതിയ കോച്ചും കളിക്കാരുമായി കേരള ബ്ലാസ്റ്റേഴ്സ് അടിമുടി മാറിയാണ് ഈ സീസണിൽ ഇറങ്ങുന്നത് . കോച്ച് റെനി മ്യൂളൻസ്റ്റീന്റെ തന്ത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ. വിദേശ താരങ്ങളായ ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ, കറേജ് പെകൂസൻ , ഇയാൻ ഹൂം എന്നിവർക്ക് പുറമെ അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ്, മലയാളി തരങ്ങളായ സി.കെ വിനീത്, റിനോ ആന്റോ എന്നിവരും കൂടി ചേരുമ്പോൾ മികച്ച ടീം തന്നെയാണ് മഞ്ഞപ്പടയുടേത്. സി കെ വിനീതിനും റിനോ ആന്റോയ്ക്കും പുറമെ അജിത് ശിവനും കെ പ്രശാന്തും ഇക്കുറി സ്വന്തം നാടിനു വേണ്ടി ബൂട്ടണിയും.
അത്ലറ്റിക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ച് അമർ തൊമർ കൊൽക്കത്തയെന്ന പേരിലാണ് ചാമ്പ്യൻമാർ ഇറങ്ങുന്നത്. സ്റ്റാർ സ്ട്രൈക്കർ റോബീ കീൻ, കാൾ ബേക്കർ, ജയേഷ് റാണെ എന്നിവർ പരുക്കിന്റെ പിടിയിലാണെങ്കിലും എഡികെ പോരിന് സജ്ജമെന്ന് കോച്ച് ടെഡി ഷെറിംഗ്ഷാം അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിലയ്ക്കാത്ത ആരവം കനത്ത വെല്ലുവിളിയാവുമെന്നു ഷെറിംഗ്ഷാം നേരത്തെ പറഞ്ഞിരുന്നു.