ജയിലില്‍ കഴിയുമ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് വിരമിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്ണന്. ഔദ്യോഗിക പദവി വഹിച്ചപ്പോള്‍ കര്ണന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ് ഡബ്ല്യൂ പീറ്റര്‍ രമേഷ് അറിയിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാലുടനെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയ്ക്കൊപ്പമായിരിക്കും പുസ്തകരൂപത്തില്‍ ഈ ഉത്തരവുകളും ഉള്‍പ്പെടുത്തുക.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ന്യായാധിപന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചതടക്കം കര്ണന് പുറപ്പെടുവിച്ച 22 ഉത്തരവുകളും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരണത്തിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കര്ണന് തന്നോട് ആവശ്യപ്പെട്ടതായും പീറ്റര്‍ വ്യക്തമാക്കി. കോടതി അലക്ഷ്യ നടപടി നേരിടുന്ന കര്ണന് ഡിസംബര്‍ 10നാണ് ജയില്‍ മോചിതനാകുക.
മെയ് ഒമ്പതിനാണ് കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി ഏഴംഗ ബഞ്ച് കര്ണന് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഒളിവിലായിരുന്ന കര്‍ണനെ ഒന്നര മാസത്തിന് ശേഷം ജൂണ്‍ 20ന് കോയമ്പത്തൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.