തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കാലതാമം ഉണ്ടായെന്നും രാജി കുറേക്കൂടി നേരത്തെയായിരുന്നെങ്കില്‍ പല വഴക്കും വക്കാണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹം അഴിമതിക്കാരനല്ല. അധ്വാനിച്ചു പണം സമ്പാദിച്ചയാളാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഷയും ശരീരഭാഷയും അദ്ദേഹത്തിനു തന്നെ വിനയായെന്നു പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്കു ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പെടുത്തിയതു വിപ്ലവകരമായ നടപടിയാണ്. ഇതിനെതിരെ ചിലര്‍ രംഗത്തു വന്നിരിക്കുന്നതു കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണു പാലിച്ചത്. പിന്നാക്കക്കാരുടെ സംവരണ വിഹിതത്തില്‍ കുറവു വരുത്താതെയാണു മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു സംവരണം ഏര്‍പെടുത്തിയത്. സാമൂഹിക നീതി എന്നതു ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ല നടപ്പാക്കേണ്ടത്.
ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ ആരും ഇതിനെ എതിര്‍ത്തിരുന്നില്ല. 2011ലെ യുഡിഎഫ് പ്രകടന പത്രികയിലും ഈ വാഗ്ദാനം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്. വെറുതെ ലീഗിനെക്കൊണ്ട് അഭിപ്രായം പറയിച്ചാല്‍ പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് -ബി ഭാരവാഹികള്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാനായി ആര്‍.ബാലകൃഷ്ണ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ, പോള്‍ ജോസഫ്(വൈ. ചെയ), സി.വേണുഗോപാലന്‍ നായര്‍, നജീം പാലക്കണ്ടി(ജന.സെക്ര), കെ.ജി.പ്രേംജിത്(ട്രഷ). സംസ്ഥാന എക്‌സിക്യൂട്ടിവും 21 അംഗ സെക്രട്ടേറിയറ്റും 251 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു.