തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പൂന്തുറ പാര്‍ക്കിന് സമീപം പള്ളിവിളാകം വീട്ടില്‍ ഫ്രാന്‍സിസിനാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അമ്മ ലില്ലിയെ (61) കൊലപ്പെടുത്തിയ കേസിലാണ് ജഡ്ജി ജെ. നാസറിന്റെ വിധി. പിഴത്തുകയില്‍ നിന്ന് അമ്പതിനായിരം രൂപ കേസിലെ ഒന്നാംസാക്ഷി റെയ്മണ്ടിന് നല്‍കാനും ഉത്തരവിട്ടു. 
കൊലപാതകം, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നിവക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 302, 308 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കേസിലെ ഒന്നാംസാക്ഷി പൂന്തുറ സ്വദേശി റെയ്മണ്ടിനെയും ചെറുമകളെയും ആക്രമിച്ചതിന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വിസമ്മതിച്ച മാതാവിനെ കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്നെന്നാണ് കേസ്. 2014 ആഗസ്റ്റ് 26ന് രാവിലെ 7.30നാണ് കേസിനാധാരമായ സംഭവം. ലില്ലിയുടെ നാലു മക്കളില്‍ ഇളയവനായ ഫ്രാന്‍സിസ് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന് കരിങ്കല്ല് കൊണ്ട് അമ്മയുടെ തലക്കിടിക്കുകയായിരുന്നു.
ചെറുമകളെ സ്‌കൂളില്‍ കൊണ്ടുപോവുന്നതിനിടെ സംഭവം കണ്ട റെയ്മണ്ട് ഫ്രാന്‍സിസിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെയും ചെറുമകളെയും ഫ്രാന്‍സിസ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ് രക്തംവാര്‍ന്ന് കിടന്ന ലില്ലിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നാംദിവസം മരിച്ചു.