തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ശൈലി അനുകരിക്കുകയാണെന്നും വിമര്‍ശിച്ചു. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സെക്രട്ടേറിയറ്റില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണവുമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ദിവസം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഇന്ന് ഹര്‍ത്താലിനോടനുബന്ധിച്ച് മൂന്നാറിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ പരസ്യമായി ശകാരിക്കുന്നത് ആവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചു കാണുന്നില്ല. 
 
മാധ്യമങ്ങളെ ഭയപ്പെടുത്തിയും അക്രമങ്ങള്‍ക്ക് അവസരമൊരുക്കിയും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചും നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ സമീപനം നരേന്ദ്രമോദിയുടെ അതേ ശൈലിയുടെ അനുകരണവും ആവര്‍ത്തനവുമാണ്. ഇരുണ്ടൊരു കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഈ ജനാധിപത്യപത്യവിരുദ്ധമായ സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പിന്തിരിയാന്‍ തയ്യാറായേ മതിയാകൂ.