തിരുവനന്തപുരം: വന്‍കിടകൈയ്യേറ്റക്കാരുടേയും മദ്യമുതാലാളിമാരുടെയും ഏജന്റായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പള്ളിച്ചല്‍ മണ്ഡലത്തിലെ 151-ാം ബൂത്തിന്റെ ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത രീതിയില്‍ ഒരുഭാഗത്ത് കേന്ദ്രവും മറുഭാഗത്ത് സംസ്ഥാനവും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നു.

ഇന്ദിരാഗാന്ധി ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങള്‍ ദുര്‍ബലമാക്കി രാജ്യത്തെ വര്‍ഗ്ഗീയതയിലേക്ക് നയിക്കാന്‍ വേണ്ടി ഭരണകൂടം തന്നെ ശ്രമിക്കുന്നു. അതാണ് ഇന്ന് അധികാരത്തിലുള്ള ബി.ജെ.പിയുടെ തന്ത്രം. ഇവിടെ മനുഷ്യജിവനേക്കാള്‍ കന്നുകാലികള്‍ക്കാണ് പ്രാധാന്യം കേന്ദ്രം നല്കുന്നത്. വന്‍കിടകുത്തകകള്‍ക്ക് നരേന്ദ്രമോദി രാജ്യത്തെ പണയം വച്ചു. പാവങ്ങള്‍ക്കുവേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൈവിട്ടുകൊണ്ട് കൈയേറ്റക്കാരേയും മദ്യമുതലാളിമാരേയും സ്വാശ്രയ മുതലാളിമാരേയും സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പൂങ്കോട് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ ഭഗവതിനട ശിവകുമാര്‍, കുന്നുവിള കൃഷ്ണന്‍കുട്ടി, എസ്. വീരേന്ദ്രകുമാര്‍, കെ.നീലകണ്ഠന്‍,കുട്ടവിളപ്രദീഷ്,ശ്രീകുമാരനാശാരി,മാധവന്‍പിള്ള,ബി.പ്രസന്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ പൂങ്കോട് പ്രദേശത്തെ നെയത്തുതൊഴിലാളികളെയും,വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെയും,കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പൗരന്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സിഗ്‌നേച്ചര്‍ ക്യാമ്പ്യയിനും സുധീരന്‍ ഉദ്ഘാടനം ചെയ്തു.