ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ആകെ 12 പ്രതികള്ളാണ് ഉള്ളത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ആറുമാസമെടുത്താണ് പോലീസ് കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നത്.

ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. 650 പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു. ആകെ 400 രേഖകളാണ് കുറ്റപത്രത്തിലുള്ളത്. 355 സാക്ഷികളുമുണ്ട്. സിനിമാ മേഖലയില്‍ നിന്ന് അമ്പതിലധികം ആളുകളെ സാക്ഷികളാക്കിയിട്ടുണ്ട്. മഞ്ജു വാര്യരാണ് പ്രധാന സാക്ഷികളില്‍ ഒരാള്‍. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക.