ഓൺലൈൻ സ്റ്റോറായ ആമസോണിൽനിന്നു റീഫണ്ട് ഇനത്തിൽ 50 ലക്ഷത്തോളം രൂപ തട്ടിച്ച യുവാവ് അറസ്റ്റിൽ. അറസ്റ്റിലായ ശിവാം ചോപ്ര (21) വിലകൂടിയ 166 മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു ലഭിച്ചതെന്നു പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്.

ഓരോ തവണയും വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നായിരുന്നു ഓർഡർ നൽകിയിരുന്നത്. കഴിഞ്ഞ ഏപ്രിലിനും മേയ്ക്കുമിടയിൽ നടത്തിയ റീഫണ്ടുകൾ തട്ടിപ്പായിരുന്നുവെന്നു വ്യക്തമായതോടെയാണു ആമസോൺ പൊലീസിൽ പരാതി നൽകിയത്. ഡൽഹി സ്വദേശിയായ യുവാവ് ഹോട്ടൽ മാനേജ്മെന്റ് ബിരുദം നേടിയെങ്കിലും തൊഴിലില്ലാതെ കഴിയുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആദ്യം രണ്ടു ഫോണിന് ഓർഡർ നൽകിയത്.

റീഫണ്ടിന് അപേക്ഷിച്ചതോടെ പണം മടക്കിക്കിട്ടി. തുടർന്നുള്ള രണ്ടു മാസവും ആപ്പിൾ, സാംസങ്, വൺപ്ലസ് അടക്കം ഫോണുകൾ വാങ്ങിയ യുവാവ് സാധനം ലഭിച്ചില്ലെന്നു പരാതിപ്പെട്ട് ഓരോ തവണയും റീഫണ്ട് നേടി. ഫോണുകൾ ഓൺലൈൻ വിൽപനകേന്ദ്രമായ ഒഎൽഎക്സിലോ പശ്ചിമ ഡൽഹിയിലെ മൊബൈൽ ഫോൺ മാർക്കറ്റിലോ വിറ്റഴിക്കും.

ഓർഡറിൽ വിലാസം തെറ്റിച്ചുനൽകിയ ശേഷം, സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നവർ വിളിക്കുമ്പോൾ തന്റെ വീടിനോടു ചേർന്ന ഏതെങ്കിലും സ്ഥലത്തേക്കു വിളിച്ചുവരുത്തി പായ്ക്കറ്റ് ഏറ്റുവാങ്ങുകയായിരുന്നു പതിവ്. യുവാവിന്റെ വീട്ടിൽനിന്നു 19 മൊബൈൽഫോണുകളും 12 ലക്ഷം രൂപയുടെ കറൻസിയും 40 ബാങ്ക് പാസ് ബുക്കുകളും പൊലീസ് കണ്ടെടുത്തു. ഇയാൾക്കു 141 സിം കാർഡുകൾ നൽകിയ വ്യാപാരി സച്ചിൻ ജെയിനും അറസ്റ്റിലായി.